തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സുരക്ഷാ ജീവനക്കാർ വളഞ്ഞിട്ട് തല്ലിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും സിറ്റി പോലീസ് കമ്മീഷണറും അന്വേഷണം നടത്തി മൂന്നാഴ്ചയ്‌ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പൊതു പ്രവർത്തകനായ ജോസ് വൈ ദാസും പരാതി നൽകി. ഒരാഴ്ചയ്‌ക്കിടെ ഇത് രണ്ടാം തവണയാണ് സുരക്ഷാ ജീവനക്കാരും കൂട്ടിരുപ്പുകാരും തമ്മിൽ പ്രശ്‌നമുണ്ടാകുന്നതെന്ന് പരാതിയുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് കമ്മീഷൻ ആവശ്യപ്പട്ടു.
ചിറയിൻകീഴ് കീഴ്വിലും സ്വദേശി അരുൺദേവിനാണ് (28) മർദ്ദനമേറ്റത്. പാസുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ അരുണിനെ പിടിച്ചുവലിച്ച് വിശ്രമമുറിയുടെ സമീപത്ത് എത്തിച്ച് ജീവനക്കാർ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. മർദ്ദനദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയും ചെയ്തതോടെയാണ് വിവാദമായത്.
17- ാം വാർഡിൽ ചികിത്സയിൽ കഴിയുന്ന അമ്മൂമ്മക്ക് 2 ദിവസമായി അരുൺ കൂട്ടിരിക്കുകയായിരുന്നു. ഇക്കോ ടെസ്റ്റിന്റെ ഫലം വാങ്ങി വരുമ്പോഴാണ് സുരക്ഷാ ജീവനക്കാർ തടഞ്ഞത്. പ്രവേശന പാസ് കാണിച്ചിട്ടും കടത്തിവിട്ടില്ല. ഇത് ചോദ്യം ചെയ്തപ്പോൾ സുരക്ഷാ ജീവനക്കാർ അസഭ്യം വിളിച്ചു.
സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരായ രതീഷ്, വിനീഷ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഗുണ്ടകളായ സെക്യൂരിറ്റി ജീവനക്കാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മെഡിക്കൽ കോളജിലേക്ക് പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.
















Comments