കൊച്ചി: ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട മോഡലുകളെ മുമ്പും അജ്ഞാത വാഹനം പിന്തുടർന്നിരുന്നതായി വിവരം. മിസ് കേരള മത്സര ജേതാക്കളായ ഇരുവരുടെയും അപകടത്തിന് മുമ്പുള്ള ദിവസങ്ങളിലും ഇത്തരത്തിൽ അജ്ഞാത വാഹനം പിന്തുടർന്നുവെന്നാണ് കൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയത്.
ഫോർട്ട്‌കൊച്ചിയിലെ നമ്പർ 18 ഹോട്ടലിന് മുമ്പിൽ ഇതേ വാഹനം കണ്ട് ഭയന്നാണ് പാർട്ടി പൂർത്തിയാകാൻ നിൽക്കാതെ മോഡലുകൾ ഹോട്ടൽ വിട്ടുപോയതെന്നും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. അപകട ദിവസം ഇവരെ പിന്തുടർന്ന സൈജു തങ്കച്ചന്റെ വാഹനം തന്നെയാണോ മുമ്പുള്ള ദിവസങ്ങളിലും മോഡലുകളെ പിന്തുടർന്നതെന്ന് കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
കൊല്ലപ്പെട്ട തൃശൂർ സ്വദേശി അഞ്ജനയുടെ കാറിനെ കൊടകരയ്‌ക്ക് സമീപം അജ്ഞാത വാഹനം പിന്തുടർന്നത് ശ്രദ്ധയിൽപെട്ടതായി തദ്ദേശ സ്ഥാപന ജനപ്രതിനിധി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അഞ്ജനയെ പിന്തുടർന്ന വാഹനത്തിന്റെ ദൃശ്യങ്ങളും ക്രൈംബ്രാഞ്ചിന് ലഭിച്ചു.
മിസ് കേരള പട്ടം നേടിയ അൻസി കബീറിനെയും കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുൻപ് ഇതേ വാഹനം പിന്തുടർന്നിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പാർട്ടി നടന്ന ഒക്ടോബർ 31 രാത്രിയിൽ ഇതേ വാഹനം നമ്പർ 18 ഹോട്ടലിൽ എത്തിയതിന് തെളിവാകുന്ന നിരീക്ഷണ ക്യാമറ ദൃശ്യങ്ങളാണ് ഹോട്ടലുടമയും ജീവനക്കാരും ചേർന്ന് നശിപ്പിച്ചത്. മോഡലുകളെ പിന്തുടർന്ന വാഹനത്തിന്റെ ഉടമയെ കണ്ടെത്തുന്നതോടെ കേസിലെ നിർണായകമായ അറസ്റ്റായിരിക്കും നടക്കുക.
















Comments