അമരാവതി: ആന്ധ്രാ പ്രദേശിൽ കനത്ത നാശം വിതച്ച വെള്ളപ്പൊക്കത്തിൽ നാല് കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ട്. തിരുമല-തിരുപ്പതി പ്രദേശങ്ങളിലെ മാത്രം കണക്കാണിത്.
നവംബർ 17 മുതൽ 19 വരെയാണ് തിരുമലയിൽ ശക്തമായ മഴ ലഭിച്ചത്. കഴിഞ്ഞ മുപ്പത് വർഷത്തിനിടയിലെ ഏറ്റവും വലിയ പേമാരിയാണ്. താഴ്ന്ന പ്രദേശങ്ങളിലാണ് കൂടുതൽ നഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നത്. തിരുമലയിലെ വിവിധയിടങ്ങളിൽ ചെറുതും വലുതുമായ 17 മണ്ണിടിച്ചിലുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്.
തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്ത്രിൽ മഴക്കെടുതിയെ തുടർന്ന് 70 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി തിരുപ്പതി ദേവസ്ഥാനം അധികൃതർ അറിയിച്ചു. ദുരന്തസമയത്ത് ദർശനത്തിനായി ടിക്കറ്റ് എടുത്ത് വന്നിട്ടും സാധിക്കാതെ പോയവർക്ക് പിന്നീട് സൗകര്യമൊരുക്കുമെന്നും തിരുപ്പതി-തിരുമല പ്രദേശത്തെ തകർന്നുപോയ എല്ലാ റോഡുകളും ട്രസ്റ്റിന്റെ ചിലവിൽ നവീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഏകദേശം എണ്ണായിരത്തോളം ആളുകളാണ് മഴക്കെടുതി മൂലം ദുരിതമനുഭവിച്ചത്. 33 വീടുകൾ ഭാഗികമായും എട്ട് വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്. നാശനഷ്ടങ്ങൾ ഇതുവരെയും മുഴുവനായി തിട്ടപ്പെടുത്തിയിട്ടില്ല. മുപ്പതോളം പേർ മരിച്ചതായും നൂറോളം പേരെ കാണാതായെന്നുമാണ് റിപ്പോർട്ട്. വ്യോമസേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും അഗ്നിശമന സേനാംഗങ്ങളും സംയുക്തമായി രക്ഷാപ്രവർത്തനം നടത്തുകയാണ്.
Comments