തിരുപ്പതി: ആന്ധ്രയിലെ ഏറ്റവും വലിയ ജലസംഭരണിയിൽ വിള്ളൽ. രാമചന്ദ്രപുരത്ത് ചിറ്റൂരിലെ റായലയചെരുവു ജലസംഭരണിയിലാണ് വിള്ളൽ കണ്ടെത്തിയത്. അഞ്ഞൂറ് വർഷം പഴക്കമുള്ളതാണ് ജലസംഭരണി. ജലസംഭരണിയിൽ നാലിടങ്ങളിൽ ചോർച്ച ഉള്ളതായി കണ്ടെത്തി. സംഭരണിക്ക് സമീപമുള്ള 20 ഗ്രാമങ്ങളെ അടിയന്തരമായി ഒഴിപ്പിച്ചു. ജലസംഭരണി അപകടാവസ്ഥയിലാണെന്ന് ജില്ലാകളക്ടർ ഹരിനാരായൺ വ്യക്തമാക്കി. ദേശീയ ദുരന്തനിവാരണ സേനയും വ്യോമസേനയും തിരുപ്പതിയിലെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു.
ജലസംഭരണിയിൽ 0.9 ടിഎംസി വെള്ളമുണ്ടെന്നും സംഭരണശേഷി ഇത്രയധികം ഇല്ലാത്തതിനാൽ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. സംഭരണിയുടെ സമീപ പ്രദേശങ്ങളിൽ നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാൻ ജില്ലാകളക്ടർ അഭ്യർത്ഥിച്ചു.
അതേസമയം ആന്ധ്രയിലെ മഴക്കെടുതിയിൽ മരണം 41 ആയി.കാണാതായ അൻപത് പേർക്കായി തിരച്ചിൽ തുടരുകയാണ്.ന്യൂനമർദ്ദത്തിന്റെ ഫലമായി ആന്ധ്രയിൽ ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്.
Comments