ന്യൂഡൽഹി: ഫേസ്ബുക്ക് ഉൾപ്പടെയുള്ള സമൂഹമാദ്ധ്യമങ്ങളിലൂടെ തോക്കുവിൽപ്പന നടത്തുന്ന സംഘത്തിലെ സൂത്രധാരൻ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിയായ ഹിതേഷ് സിംഗ് താക്കൂർ ആണ് അറസ്റ്റിലായത്. ഡൽഹി പോലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഒപ്‌സ് (ഐഎഫ്എസ്ഒ) ആണ് തോക്കുവിൽപ്പന കണ്ടെത്തിയത്.
പിടിയിലായ ഹിതേഷ് രാജ്യത്തെ നിരവധി ക്രിമിനലുകൾക്ക് ആയുധങ്ങളും വെടികോപ്പുകളും വിതരണം ചെയ്തതായി പോലീസ് കണ്ടെത്തി. ഇയാൾക്ക് കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘവുമായി ബന്ധമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. പ്രതിയുടെ സാമൂഹികമാദ്ധ്യമങ്ങളിലെ അക്കൗണ്ടുകൾപരിശോധിച്ചപ്പോൾ പാകിസ്താനിലെ ചില കുറ്റവാളികളുമായും ബന്ധമുള്ളതായി കണ്ടെത്തി.
ഐഎഫ്എസ്ഒയുടെ സോഷ്യൽ മീഡിയ നിരീക്ഷണത്തിനിടെയാണ് കുറ്റകൃത്യം ശ്രദ്ധയിൽ പെട്ടത്. നിരവധി ഫേസ്ബുക്ക് പ്രൊഫൈലുകൾ/യുആർലു-കൾ തുടങ്ങിയവ ആയുധങ്ങൾ വിൽക്കുന്ന തരത്തിൽ പോസ്റ്റുകളും വീഡിയോകളും പോസ്റ്റ് ചെയ്തതായി ശ്രദ്ധയിൽപ്പെട്ടു. ഹിതേഷ് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ഫോട്ടോകളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രദർശിപ്പിച്ചിരുന്നു.
ഇത് തിരിച്ചറിഞ്ഞ സംഘം പ്രതിയെ തോക്ക് വാങ്ങാനെന്ന വ്യാജേന സമീപിക്കുകയായിരുന്നു. തുടർന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ ആശയവിനിമയം നടത്തി.അഡ്വാൻസായി പണം നൽകി. ബാക്കി തുക കൈപ്പറ്റാൻ ഹരിയാനയിലെത്തിയ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയുടെ ഫോൺ ഫോറൻസിക് പരിശോധയ്‌ക്ക് വിധേയമാക്കി. പിടിയിലായ ആൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. ജയിലുകളിലെ തടവുകാരുമായി ബന്ധം സ്ഥാപിച്ച് അവർ ആവശ്യപ്പെടുന്നതിനനുസരിച്ച് ഇയാൾ ആയുധങ്ങൾ എത്തിച്ചിരുന്നതായും പോലീസ് കണ്ടെത്തി.
Comments