പാലക്കാട്: എസ്ഡിപിഐ തീവ്രവാദികൾ കൊലപ്പെടുത്തിയ ആർഎസ്എസ് തേനാരി മണ്ഡൽ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ കസ്റ്റഡിയിലെന്ന് സൂചന. കൊലപാതകത്തിൽ പങ്കുളള രണ്ട് പേരടക്കമാണ് കസ്റ്റഡിയിലായിരിക്കുന്നതെന്നാണ് വിവരം. എന്നാൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സഞ്ജിത് കൊല്ലപ്പെട്ടിട്ട് ഒരാഴ്ച തികയുന്ന ദിവസമാണ് അന്വേഷണത്തിൽ നിർണായകമായ നീക്കങ്ങൾ.
പ്രതികൾക്ക് ഒളിതാവളം ഒരുക്കിയത് മുണ്ടക്കയത്തെ ബേക്കറി ജീവനക്കാരനാണെന്ന് അന്വേഷണസംഘം തിരിച്ചറിഞ്ഞിരുന്നു. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ പരിശോധനയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മുണ്ടക്കയം പൈങ്ങണയിലുളള ബേക്കറിയിലെ ജീവനക്കാരനാണ് പ്രതികൾക്ക് ഒളിവിൽ കഴിയാനുളള സൗകര്യം ഒരുക്കിയതെന്നാണ് വിവരം. നാല് മാസങ്ങൾക്ക് മുൻപാണ് ഇയാൾ ഇവിടെ ജോലിക്ക് എത്തിയത്.
ദേശീയപാതയ്‌ക്ക് സമീപം ബിഎസ്എൻഎൽ കെട്ടിടത്തിന്റെ സമീപമുളള വാടകമുറിയിൽ നിന്ന് ഇയാളെയും കൊലപാതകത്തിൽ നേരിട്ട് പങ്കുളള രണ്ട് പേരെയും കസ്റ്റഡിയിലെടുത്തുവെന്നാണ് റിപ്പോർട്ടുകൾ. ബേക്കറിയിലെ ജീവനക്കാർക്ക് താമസിക്കാൻ ഉടമ വാടകയ്‌ക്ക് എടുത്ത് നൽകിയ കെട്ടിടമാണിത്.
പാലക്കാട് എസ്പിയുടെ മേൽനോട്ടത്തിൽ 34 അംഗ സംഘമാണ് സഞ്ജിത്തിന്റെ കൊലപാതകം അന്വേഷിക്കുന്നത്. ഇന്ന് സഞ്ജിത് കൊല്ലപ്പെട്ടിട്ട് ഒരാഴ്ച തികയുകയാണ്. പ്രതികളെ പിടികൂടാൻ വൈകുന്നതിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മൂന്ന് പേർ കസ്റ്റഡിയിലായെന്ന വിവരം പുറത്തുവരുന്നത്.
പ്രതികൾ സഞ്ചരിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു. വെളുത്ത മാരുതി 800 കാറിന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇത് മാത്രമാണ് ഇതുവരെ അന്വേഷണ പുരോഗതിയുമായി ബന്ധപ്പെട്ട് പോലീസ് ഔദ്യോഗികമായി പുറത്തുവിട്ട വിവരം.
ഭാര്യയുമൊത്ത് കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ബൈക്കിൽ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് എസ്ഡിപിഐ തീവ്രവാദികൾ സഞ്ജിത്തിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഭാര്യയുടെ മുൻപിൽ വെച്ചായിരുന്നു ക്രൂരമായ കൊലപാതകം. 31 വെട്ടുകളാണ് ശരീരത്ത് ഉണ്ടായിരുന്നത്.
















Comments