മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെയുടെ നട്ടെല്ലിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. അദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ട്വിറ്ററിലൂടെ അറിയിച്ചു. മുംബൈയിലെ എച്ച്.ആർ റിലയൻസ് ആശുപത്രിയിൽ നവംബർ 12-നായിരുന്നു ശസ്ത്രക്രിയ.
നിലവിൽ ഫിസിയോതെറാപ്പി തുടരുകയാണ്. ചികിത്സ പൂർത്തിയായാൽ ഉടൻ ഡിസ്ചാർജ് ഉണ്ടാകുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. 61കാരനായ ഉദ്ധവ് താക്കറെയെ കഴിഞ്ഞ 10നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ തിരക്കിയതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചിരുന്നു.
നട്ടെല്ലിന്റെ ചികിത്സയിൽ വിദഗ്ധനായ ഡോ. ശേഖർ ബോജ്‌രാജും കാർഡിയോളജിസ്റ്റായ ഡോ. അജിത് ദേശായിയുമാണ് ശസ്ത്രക്രിയയ്‌ക്ക് നേതൃത്വം നൽകിയത്. സിഎംഒ മഹാരാഷ്‌ട്ര എന്ന ട്വിറ്റർ പേജിലൂടെയാണ് മുഖ്യമന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നത്.
















Comments