ജയ്പൂർ: മന്ത്രിസഭാ പുനഃസംഘടനയും രാഷ്‌ട്രീയ നിയമനങ്ങളും നടത്തിയിട്ടും രാജസ്ഥാൻ കോൺഗ്രസിലെ സച്ചിൻ പൈലറ്റും അശോക് ഗെഹ്ലോട്ടും തമ്മിലുള്ള അധികാര തർക്കം അവസാനിക്കുന്നില്ല. ഫേസ്ബുക്കിൽ പൈലറ്റിന്റെ വിശ്വസ്തനും എംഎൽഎയുമായ ദീപേന്ദ്ര സിംഗ് ഷെഖാവത്ത് ഗെഹ്ലോട്ടിന്റെ ഉപദേഷ്ടാക്കളുടെ തിരഞ്ഞെടുപ്പിനെ രൂക്ഷമായി വിമർശിച്ചു രംഗത്തെത്തിയതാണ് വീണ്ടും തർക്കത്തിന് കാരണമായത്.
കോൺഗ്രസ് എംഎൽഎമാരായ ജിതേന്ദ്ര സിംഗ്, രാജ്കുമാർ ശർമ, ഡാനിഷ് അബ്രാർ, സ്വതന്ത്ര എംഎൽഎമാരായ ബാബു ലാൽ നഗർ, സന്യം ലോധ, രാംകേഷ് മീണ എന്നിവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ കഴിയാത്തതിനെ തുടർന്ന് ഗെഹ്ലോട്ട് മുഖ്യമന്ത്രിയുടെ ഉപദേശകരായി തിരഞ്ഞെടുത്തതാണ് പൈലറ്റ് പക്ഷത്തെ ചൊടിപ്പിച്ചത്.
കഴിഞ്ഞ ദിവസം പൈലറ്റിന്റെ വിശ്വസ്തരെ കൂടി ഉൾപ്പെടുത്തി ഗെഹ്‌ലോട്ട് മന്ത്രിസഭ വികസിപ്പിച്ചിരുന്നു. നവംബർ 20ന് എല്ലാ മന്ത്രിമാരും മന്ത്രിസഭാ പുനഃസംഘടനയ്‌ക്ക് മുന്നോടിയായി രാജി സമർപ്പിച്ചിരുന്നു. സച്ചിൻ പൈലറ്റ് പക്ഷത്തുളള എംഎൽഎമാരുടെ പരാതികൾ പരിഹരിക്കാൻ നേരത്തേ മൂന്നംഗ സമിതി രൂപീകരിച്ചിരുന്നു.
താൻ ഉന്നയിച്ച പശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ പാർട്ടിയിൽ പിളർപ്പുണ്ടാകുമെന്ന് പൈലറ്റ് ദേശീയ നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. അതിനുശേഷം അദ്ദേഹത്തോട് അടുപ്പമുള്ള നിയമസഭാംഗങ്ങൾ മന്ത്രിസഭാ വിപുലീകരണത്തിലും രാഷ്‌ട്രീയ നിയമനങ്ങളിലും കാലതാമസം നേരിട്ടതിൽ നിരാശ പരസ്യമായി പ്രകടിപ്പിച്ചു.
അതിന്റെ അടിസ്ഥാനത്തിലാണ് പൈലറ്റ് അനുകൂലികളെ കൂടി ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കാൻ ഗെഹ്‌ലോട്ടിനോട് ഹൈക്കമാന്റ് ആവശ്യപ്പെട്ടത്. പുനഃസംഘടന നടത്താൻ തയ്യാറായ ഗെഹ്‌ലോട്ട് മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ കഴിയാതിരുന്ന തന്റെ വിശ്വസ്തരെ മുഖ്യമന്ത്രിയുടെ ഉപദേശകരായി നിയമിച്ചതാണ് പുതിയ പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്.
Comments