പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ പ്രതിയുമായി സംഭവസ്ഥലത്ത് പോലീസ് തെളിവെടുപ്പ് നടത്തി. മുഖംമൂടി ധരിപ്പിച്ചാണ് പ്രതിയെ കൊലപാതകം നടന്ന മമ്പറത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. പ്രതിയുടെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താൻ പോലീസ് ഇപ്പോഴും തയ്യാറായിട്ടില്ല. പ്രതിയെ തിരിച്ചറിയൽ പരേഡിന് വിധേയനാക്കാനുള്ളതിനാൽ പേരും മേൽവിലാസവും പുറത്തുവിടാനാവില്ലെന്നാണ് പോലീസ് വാദം. കൊലപാതകം നടന്ന സമയത്തെ കാര്യങ്ങൾ പ്രതി പോലീസിന് മുന്നിൽ വിവരിച്ചു. പോലീസ് ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ഇയാൾ മറുപടി നൽകുന്നുണ്ടായിരുന്നു.
സഞ്ജിത്തിനെ വഴിയിൽ തടഞ്ഞു നിർത്തി വെട്ടിയെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. ആദ്യം വെട്ടുകൊണ്ട സഞ്ജിത്ത് രണ്ടു മീറ്ററിലധികം കുതറി മാറി. ഇതോടെ സഞ്ജിത്തിനെ പിന്തുടർന്ന് വെട്ടിയെന്നും പ്രതി തെളിവെടുപ്പിൽ പറഞ്ഞു. സംഭവസമയത്ത് വഴിയുടെ ഇരുഭാഗത്തുമുള്ള വാഹനങ്ങൾ തടഞ്ഞിട്ടുവെന്നും പ്രതി പോലീസിനോട് പറഞ്ഞു. അതേസമയം കേസിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. സഞ്ജിത് കൊല്ലപ്പെട്ട് ഏട്ട് ദിവസമായ ഇന്നലെയാണ് കേസിലെ ആദ്യ അറസ്റ്റ് ഉണ്ടായത്. ഇത്ര ദിവസമായിട്ടും പ്രതികളെ പിടികൂടാത്ത പോലീസ് നിലപാടിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.
















Comments