തിരുവനന്തപുരം: ‘ചുരുളി’ സിനിമയുടെ സെൻസർ ചെയ്ത പതിപ്പല്ല ഒടിടി പ്ലാറ്റ്‌ഫോമിൽ എത്തിയതെന്ന വിശദീകരണവുമായി സെൻസർ ബോർഡ്. ചിത്രത്തിലെ കഥാപാത്രങ്ങളുടെ അസഭ്യം കലർന്ന ഭാഷ കൊണ്ട് ചർച്ചയായ സിനിമയാണ് ചുരുളി. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്തത്. അശ്ലീല വാക്കുകളുടെ അതിപ്രസരമാണ് ചിത്രത്തിലുടനീളമുള്ളത്. ഇക്കാര്യം വിവാദമായ സാഹചര്യത്തിലാണ് സെൻസർ ബോർഡ് ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ആവശ്യമായ മാറ്റങ്ങൾ നിർദ്ദേശിച്ച് ‘എ’ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് ചുരുളി സിനിമയ്‌ക്ക് നൽകിയിരിക്കുന്നത്. എന്നാൽ സെൻസർ ബോർഡ് നിർദ്ദേശിച്ചിരിക്കുന്ന മാറ്റങ്ങൾ ഒന്നും വരുത്താതെയാണ് ചിത്രം ഒടിടിയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. സെൻസർ ബോർഡിനെതിരെ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും റീജിയണൽ ഓഫീസർ വി.പാർവതി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
സിനിമയ്‌ക്കെതിരെ എല്ലാ കോണുകളിൽ നിന്നും വ്യാപകമായ വിമർശനമാണ് ഉയർന്നിരുന്നത്. ചിത്രത്തിന് അനുമതി നൽകിയതിന് സെൻസർ ബോർഡിനെതിരേയും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ വിശദീകരണവുമായി സെൻസർ ബോർഡ് നേരിട്ടെത്തിയത്.
















Comments