തിരുവനന്തപുരം: പിണറായി സർക്കാരിന്റെ കെ-റെയിൽ പദ്ധതിക്കെതിരെ വിമർശനവുമായി മെട്രോമാൻ ഇ ശ്രീധരൻ. പദ്ധതി നടപ്പിലായാൽ കെ-റെയിൽ കേരളത്തെ വിഭജിക്കുന്ന ചൈന മതിലായി മാറുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പദ്ധതിയുടെ നിലവിലെ അലൈൻമെന്റിനെ അദ്ദേഹം വിമർശിച്ചു.
ഈ പദ്ധതി സംസ്ഥാനത്തിന്റെ താത്പര്യത്തിന് വിരുദ്ധമാണെന്ന് ശ്രീധരൻ വ്യക്തമാക്കി. സർക്കാർ പ്രഖ്യാപിച്ചതുപോലെ പദ്ധതി 2025ൽ പൂർത്തിയാക്കാൻ കഴിയില്ലെന്നും, രാത്രിയിൽ ചരക്കുഗതാഗതം നടത്തുമെന്ന കെ-റെയിൽ പ്രഖ്യാപനം അപ്രായോഗികമാണെന്നും പത്രക്കുറിപ്പിലൂടെ ഇ ശ്രീധരൻ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ നിർമ്മാണത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായ താൽപര്യക്കുറവിനെയും അദ്ദേഹം വിമർശിച്ചു. ലൈറ്റ് മെട്രോ പദ്ധതികൾ ആരാണ് നിർത്തലാക്കിയതെന്ന് വ്യക്തമാക്കണമെന്നും പദ്ധതി നിർമ്മാണം സമയത്ത് തുടങ്ങിയിരുന്നെങ്കിൽ ഇന്ന് കേരളത്തിലെ ഈ രണ്ട് നഗരങ്ങളിലൂടെയും ലൈറ്റ് മെട്രോ സർവീസ് ആരംഭിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
11 ജില്ലകളിലായി 1221 ഹെക്ടർ ഭൂമി ഏറ്റെടുത്താണ് കെ-റെയിൽ പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തെ നടുവോടെ മുറിയ്‌ക്കുന്ന ഈ പദ്ധതിയ്‌ക്ക് അനുമതി നൽകരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപിയും കോൺഗ്രസും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും സംസ്ഥാന സർക്കാർ അത് ചെവിക്കൊള്ളുന്നില്ല.
കെ-റെയിൽ സംസ്ഥാനത്തിന് ആവശ്യമില്ലാത്ത പദ്ധതിയാണെന്നും, പരിസ്ഥിതി ആഘാതപഠനം നടത്താതെ പദ്ധതിയുടെ പേരിൽ കോടികൾ കമ്മീഷൻ പറ്റാനുള്ള നീക്കമാണ് നടക്കുന്നത് എന്നുമാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞത്.
















Comments