പാലക്കാട്: ആർഎസ്എസ് സ്വയംസേവകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച വാഹനം പൊളിക്കാനായി പൊള്ളാച്ചിയിൽ എത്തിച്ച ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ 9.05 നാണ് വാഹനം പൊള്ളാച്ചിയിൽ എത്തിയത്. കാർ പൊളിച്ച വർക്ക്‌ഷോപ്പിന് സമീപത്തെ ഹോട്ടലിലെ സിസിടിവിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.
പൊള്ളാച്ചി കുഞ്ചുപാളയത്തെ വാഹനങ്ങൾ പൊളിക്കുന്ന വർക്‌ഷോപ്പിലാണ് കാർ വിറ്റത്. 15,000 രൂപക്കാണ് കാർ വിറ്റതെന്ന് വർക്ക്‌ഷോപ്പ് ഉടമ മുരുകാനന്ദം പറഞ്ഞു. രണ്ടു പേർ എത്തിയാണ് കാർ നൽകിയത്. കൃത്യം നടത്തിയ വ്യക്തികളുടെ സുഹൃത്തുക്കളാണ് വാഹനം പൊളിക്കാൻ നൽകിയതെന്നാണ് പ്രാഥമിക നിഗമനം. ഒരു മാസം മുൻപും ഇവർ മറ്റൊരു വാഹനം എത്തിച്ചിരുന്നു. പൊളിച്ച ശേഷം വാഹനത്തിന്റെ രേഖകൾ എല്ലാം തിരികെ വാങ്ങിയതായും വർക്ക്‌ഷോപ് ഉടമ പറയുന്നു.
കാറിന്റെ ഭാഗങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഫോറൻസിക് സംഘം വർക്ക്‌ഷോപ്പിൽ പരിശോധനയ്‌ക്കെത്തി. കാറിൽ രക്ത കറയോ, മുടിനാരിഴയോ ഉൾപ്പെടെ ഉണ്ടോ എന്നും, വിരലടയാളങ്ങളും ഉൾപ്പെടെയാണ് സംഘം പരിശോധിക്കുന്നത്.
കൃത്യമായ രീതിയിലുള്ള ആസൂത്രണം കൊലപാതകത്തിന്റെ പിന്നിലുണ്ടായിരുന്നു. പരിശീലനം നേടിയ കൊലയാളികളാണ് സംഭവത്തിനു പിന്നിലെന്ന് വ്യക്തമാണ്. തെളിവു നശിപ്പിക്കുന്നതിന് വേണ്ടിയാണ് വാഹനം പൊളിച്ചത്. അക്രമികൾ സഞ്ചരിച്ച വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്. കൊല്ലങ്കോടിനടുത്താണ് ഈ നമ്പർ പ്ലേറ്റ് നിർമ്മിച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
















Comments