കൊച്ചി:ഫോർട്ടുകൊച്ചിയിൽ ഡി ജെ പാർട്ടി നടന്ന നമ്പർ 18 ഹോട്ടൽ ജീവനക്കാർ കായലിൽ തള്ളിയ ഒരു ഹാർഡ് ഡിസ്‌ക് മത്സ്യതൊഴിലാളികൾക്ക് ലഭിച്ചതായി സംശയം. ദേശീയപാതയിൽ മുൻ മിസ് കേരള ഉൾപ്പെടെ മൂന്ന് പേർ മരിച്ച സംഭവത്തിലെ നിർണായക തെളിവാണ് ഈ ഹാർഡ് ഡിസ്‌ക്. മീൻപിടിക്കാനിട്ട വലയിലാണ് ഹാർഡ് ഡിസ്‌ക് കുടുങ്ങിയത്. ഡിവിആറാണെന്ന് മനസിലാകാതെ, ലഭിച്ച ഇലക്ട്രോണിക് വസ്തു കായലിൽ തന്നെ ഉപേക്ഷിച്ചതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന മൊഴി. തിങ്കളാഴ്ചയായിരുന്നു സംഭവം. ഹാർഡ് ഡിസ്‌ക് കണ്ടെത്താനായി ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിന് സമീപം കായലിൽ സ്‌കൂബ ഡൈവിങ് സംഘത്തെ ഇറക്കി പോലീസ് തിരച്ചിൽ നടത്തിയിരുന്നു.
മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായകമാണ് ഹാർഡ് ഡിസ്‌ക് കണ്ടെത്തേണ്ടത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌ക് കായലിൽ എറിഞ്ഞെന്ന് ഹോട്ടൽ ജീവനക്കാരും മൊഴി നൽകിയിരുന്നു. ഹോട്ടൽ ഉടമയായ റോയി ജോസഫ് വയലാട്ടിന്റെ നിർദ്ദേശപ്രകാരമാണ് ഇങ്ങനെ ചെയ്തതെന്നും ജീവനക്കാർ വ്യക്തമാക്കിയിരുന്നു. ദൃശ്യങ്ങൾ പരിശോധിച്ചാൽ മാത്രമേ ഡിജെ പാർട്ടിയിൽ എന്തൊക്കെ സംഭവിച്ചു എന്നതിൽ വ്യക്തത ലഭിക്കുകയുള്ളു. ഉന്നതരടക്കം പാർട്ടിയിൽ പങ്കെടുത്തു എന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.
അതേസമയം മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചു എന്ന് പറയപ്പെടുന്ന വസ്തു ഹാർഡ് ഡിസ്‌ക് ആണോ എന്നും, അഥവാ അങ്ങനെയാണെങ്കിൽ തന്നെ അത് നമ്പർ 18 ഹോട്ടലിലെ ഹാർഡ് ഡിസ്‌ക് ആണോ എന്നും വ്യക്തതയില്ല. വലയിൽ കുടുങ്ങിയ ഉപയോഗ ശൂന്യമായ വസ്തു എന്ന നിലയിലാണ് ഇത് ഉപേക്ഷിച്ചത്. സംഭവം നടന്ന ദിവസം പോലീസും ഫയർഫോഴ്‌സും കായലിൽ തിരച്ചിൽ നടത്തിയിരുന്നു. ഇന്നലെ തീരസംരക്ഷണ സേനയും തിരച്ചിൽ നടത്തിയിരുന്നു. ഹാർഡ് ഡിസ്‌ക് കായലിൽ നിന്ന് കിട്ടിയെന്നും, അത് അവിടെ തന്നെ ഉപേക്ഷിച്ചെന്നും മത്സ്യത്തൊഴിലാളികൾ ഇന്നലെയാണ് പോലീസിനെ അറിയിച്ചത്. ഇവിടെ വീണ്ടും തിരച്ചിൽ നടത്താൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.
















Comments