തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കുഞ്ഞിനെ ഇന്ന് തന്നെ അനുപമയ്‌ക്ക് കൈമാറിയേക്കും. ഇന്നലെ ഡിഎൻഎ ഫലം പുറത്തുവന്നതോടെയാണ് യഥാർത്ഥ അമ്മക്കും അച്ഛനും കുഞ്ഞിനെ തിരികെ കിട്ടുന്നത്. നിർമ്മല ശിശുഭവനിൽ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ എത്തി കുഞ്ഞിനെ കോടതിയിൽ എത്തിച്ചു.
ആന്ധ്രാ ദമ്പതികൾക്ക് ദത്ത് നൽകാനായി കോടതിയിൽ നൽകിയ ഫ്രീ ഫോർ അഡോപ്ഷൻ ഡിക്ലറേഷൻ സർട്ടിഫിക്കറ്റ് പിൻവലിച്ചുകൊണ്ടുള്ള സത്യവാങ്മൂലവും സി.ഡബ്ല്യു.സി കോടതിയിൽ സമർപ്പിച്ചു. സി.ഡബ്ല്യു.സിയാണ് കുഞ്ഞിനെ ദത്ത് നൽകാൻ അനുമതി നൽകിയത്.
തിരുവനന്തപുരം കുടുംബ കോടതിയിലാണ് സി.ഡബ്ല്യു.സി ഡിഎൻഎ പരിശോധനാ ഫലമടക്കമുള്ള റിപ്പോർട്ടുകൾ സമർപ്പിച്ചത്. ഫ്രീ ഫോർ അഡോപ്ഷൻ ഡിക്ലറേഷൻ സർട്ടിഫിക്കറ്റ് കൂടി പിൻവലിക്കുന്നതോടെ ദത്ത് നടപടികൾ പൂർണമായും റദ്ദാക്കും. ഡിഎൻഎ പരിശോധന റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതിനാൽ കുഞ്ഞിനെ കൈമാറുന്ന നടപടികൾ കോടതിയും എതിർക്കാൻ സാധ്യതയില്ല.
കോടതി അനുമതിയോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് തന്നെ കുഞ്ഞിനെ കൈമാറണമെന്നാണ് സി.ഡബ്ല്യു.സിയും തീരുമാനിച്ചത്. കേസ് ഈ മാസം 30ന് പരിഗണിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഡിഎൻഎ പരിശോധനാഫലം ഉൾപ്പെടെ ലഭിച്ചതോടെയാണ് കോടതിയെ ഇന്ന് തന്നെ സമീപിക്കാൻ സി.ഡബ്ല്യു.സി തീരുമാനിച്ചത്.
















Comments