തിരുവനന്തപുരം: ദത്ത് വിവാദത്തിൽ അനുപമയ്‌ക്ക് കുഞ്ഞിനെ തിരികെ ലഭിച്ചെങ്കിലും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അനുപമ അറിയിച്ചു. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള തുടർ സമര രീതികൾ അനുപമ ഇന്ന് പ്രഖ്യാപിക്കും. കുഞ്ഞിനെ തിരികെ ലഭിക്കാൻ സഹായിച്ച എല്ലാവരുമായി കൂടിയാലോചിച്ച് ഇന്ന് തീരുമാനമെടുക്കുമെന്ന് അനുപമ അറിയിച്ചു.
സംഭവത്തിൽ ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനും, സിഡബ്ല്യൂസി ചെയർപേഴ്‌സൺ സുനന്ദക്കും എതിരെ നടപടി വേണമെന്നാണ് അനുപമയുടെ ആവശ്യം. ആനാവൂർ നാഗപ്പൻ ഉൾപ്പടെ തെറ്റ് ചെയ്തു. എന്നാൽ അത് മറക്കാൻ ശ്രമിക്കുന്നു. കേസിൽ നീതി നിഷേധമുൾപ്പെടെ നടന്നിട്ടുണ്ട്. ഷിജുഖാൻ പിടിക്കപ്പെട്ടാൽ ആനാവൂർ നാഗപ്പനുൾപ്പടെ കുറ്റക്കാരാകും. ഇതിനായി പോരാട്ടം തുടരുമെന്നാണ് അനുപമ അറിയിച്ചത്.
കുഞ്ഞിനെ വിട്ടു കിട്ടാനായി ഈ മാസം 11 മുതലാണ് അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നിൽ സമരം തുടങ്ങിയത്. മകനെ തിരികെ കിട്ടിയ അനുപമ, മൂന്ന് മാസത്തോളം മകനെ സംരക്ഷിച്ച ആന്ധ്രാ ദമ്പതിമാർക്ക് നന്ദിയറിയിച്ചിരുന്നു. തന്റെ കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ ദമ്പതിമാർക്ക് നീതി കിട്ടണമെന്നും ദമ്പതികൾക്ക് എപ്പോൾ വേണമെങ്കിലും കുഞ്ഞിനെ കാണാമെന്നും അനുപമ പറഞ്ഞു. മകനെ സ്വീകരിച്ചതിന്റെ പേരിൽ അവർക്ക് നീതി നിഷേധിക്കപ്പെടരുതെന്നും അനുപമ കൂട്ടിച്ചേർത്തു.
















Comments