കണ്ണൂര്‍ : സിപിഎം താല്‍പര്യത്തിന് അനുസരിച്ച് അന്വേഷണം നടത്താത്തിനെ തുടര്‍ന്ന് കണ്ണൂര്‍ ഫസല്‍ കൊലപാതക കേസ് അന്വേഷിച്ച ഐപിഎസുകാരന്‍ ഇന്ന് സെക്യൂരിറ്റിക്കാരനായി ജോലി ചെയ്യുന്നു. കേരള ആംഡ് പൊലീസ് ഫിഫ്ത് കമാന്‍ഡറായി വിരമിച്ച കെ രാധകൃഷ്ണനെയാണ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പോലും നൽകാതെ പിണറായി സർക്കാർ പീഡിപ്പിക്കുന്നത്.
ഏപ്രിൽ 30 ന് സർവീസിൽ നിന്ന് വിരമിച്ച രാധാകൃഷ്ണന്‍ ഇപ്പോള്‍ കുടുംബം പോറ്റുന്നതിനായി തമിഴ്നാട്ടിലെ ഒരു സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്യുകയാണ്.നാലര വർഷമായി സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് റിട്ടയർമെന്റ്, ആനുകൂല്യങ്ങൾ നിഷേധിക്കുന്നത്
സി പി എം വിട്ട് എൻ ഡി എഫിൽ ചേർന്ന മുഹമ്മദ് ഫസല്‍ 2006 ഒക്‌ടോബർ 22-ന് കൊല്ലപ്പെടുമ്പോള്‍ രാധാകൃഷ്ണൻ കണ്ണൂരിൽ ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയിൽ ഡി വൈ എസ് പിയായി ജോലി ചെയ്യുകയായിരുന്നു. ഫസല്‍ വധത്തില്‍ കണ്ണൂർ ഡി ഐ ജി അനന്തകൃഷ്ണനാണ് രാധാകൃഷ്ണനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിക്കുന്നത്.
.
ഫസല്‍ വധക്കേസില്‍ അന്നത്തെ ഭരണ കക്ഷിയായ സിപിഎമ്മിന് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കാത്തതിനാല്‍ ശാരീരികമായ ആക്രമണം പോലും നേരിടേണ്ടി വന്നു. 2006 ല്‍ സി പി എം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു.
ഫസൽ വധത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ ഏരിയാ സെക്രട്ടറിയായിരുന്ന കാരായി രാജൻ കൊലപാതകത്തിൽ ആര്‍എസിഎന് പങ്കുണ്ടെന്ന് ആരോപിക്കുകയും ചിലരുടെ പേരുകള്‍ പറയുകയും ചെയ്തു. അവരെയെല്ലാം കസ്റ്റഡിയിലെടുക്കുകയും മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തിന് മുമ്പും ശേഷവും അവരുടെ എല്ലാ പ്രവർത്തനങ്ങളും നിരീക്ഷിച്ചു. രണ്ടാം ദിവസം ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണൻ എന്നെ പയ്യാമ്പലം ഗസ്റ്റ് ഹൗസിലേക്ക് വിളിപ്പിച്ച് ചാര്‍ജ് ഷീറ്റ് ഏഴ് ദിവസത്തിനകം ഫയല്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കൊലപാതകത്തിൽ ആർഎസ്എസുകാർക്ക് പങ്കില്ലെന്ന് ബോധ്യമായതോടെ കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചു. ഇത് സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചെന്നും രാധാകൃഷ്ണൻ പറയുന്നു.
“എപ്പോൾ വേണമെങ്കിലും അവർ എന്നെയും കൊല്ലും. എന്റെ വിധി നേരിടാന്‍ ഞാന്‍ തയ്യാറാണ്. എന്നാൽ അതിനുമുമ്പ് എന്റെ മക്കളുടെ സുരക്ഷ ഉറപ്പാക്കണം , ” കെ രാധാകൃഷ്ണൻ പറഞ്ഞു. ഗവേഷക വിദ്യാർത്ഥിയായ മകൾ അവളുടെ ഹോസ്റ്റൽ ചെലവുകൾ താങ്ങാൻ കഴിയാത്തതിനാൽ പാർട്ട് ടൈം ഗവേഷണത്തിലേക്ക് മാറി. ബിരുദാനന്തര ബിരുദധാരിയായ മകന് സിവിൽ സർവീസ് കോച്ചിംഗ് കോഴ്‌സ് ഉപേക്ഷിക്കേണ്ടി വന്നു. കേസുകള്‍ വാദിക്കാന്‍ വേണ്ടി കുടുംബ സ്വത്ത് വിൽക്കേണ്ടി വന്നു, വായ്പ തിരിച്ചടവ് മുടങ്ങിയതിനാൽ രാധാകൃഷ്ണൻ വീടും ബാങ്ക് ലേലം ചെയ്തു. ഇത്തരത്തില്‍ നിരവധി പ്രയാസങ്ങള്‍ നേരിട്ടുകൊണ്ടാണ് മുന്നോട്ട് പോവുന്നതെന്നും അദ്ദേഹം പറയുന്നു.
















Comments