മുംബൈ: മഹാരാഷ്‌ട്ര മുൻ പോലീസ് കമ്മീഷണർ പരംബീർ സിംഗിനെതിരെ ഗുരുതര ആരോപണവുമായി റിട്ട. അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ശംഷേർ സിംഗ് പഠാൻ രംഗത്ത്. മുംബൈ ഭീകരാക്രമണ കേസിൽ സൈന്യം പിടികൂടിയ പാക് ഭീകരർ അജ്മൽ കസബിന്റെ മൊബൈൽ ഫോൺ പരംബീർ സിംഗ് നശിപ്പിച്ചുവെന്നാണ് ആരോപണം. 2008ൽ നടന്ന ഭീകരാക്രമണത്തിലെ നിർണ്ണായക വിവരങ്ങൾ മൊബൈൽ ഫോണിൽ അടങ്ങിയിട്ടുണ്ടാകാമെന്നും ശംഷേർ പഠാൻ പറഞ്ഞു.
ഇതുസംബന്ധിച്ച് ജൂലൈയിൽ ശംഷേർ നിലവിലെ പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. കസബിന്റെ പക്കൽ നിന്നും കണ്ടെടുത്ത മൊബൈൽ ഫോൺ കോൺസ്റ്റബിളിന് കൈമാറുകയായിരുന്നു. അന്ന് ആന്റി ടെററിസ്റ്റ് സ്‌ക്വാഡിൽ സേവനം അനുഷ്ടിച്ചിരുന്ന പരംബീർ സിംഗ് കോൺസ്റ്റബിളിന്റെ കൈയ്യിൽ നിന്നും കസബിന്റെ ഫോൺ വാങ്ങി നശിപ്പിച്ചെന്നാണ് ശംഷേറിന്റെ ആരോപണം.
ഭീകരാക്രമണ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ രമേഷ് മഹാലെക്കിന് കൈമാറാനെന്ന വ്യാജേനയാണ് പരംബീർ സിംഗ് മൊബൈൽ ഫോൺ വാങ്ങിയത്. വിഷയത്തിൽ അന്വേഷണ ഉദ്യോഗസ്ഥരോ പരംബീർ സിംഗോ ഇതുവരെ പ്രതികരിച്ചിട്ടില്ല. മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്ന് 13 വർഷം പൂർത്തിയാകുകയാണ്. 2008 നവംബർ 26നാണ് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിനാണ് മഹാനഗരം സാക്ഷിയായത്. ഇതോടെയാണ് നാല് മാസം മുൻപ് നൽകിയ പരാതിയുടെ വിവരങ്ങൾ വീണ്ടും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.
അതേസമയം പരംബീർ സിംഗ് ഇന്നലെ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായിരുന്നു. ഭീഷണിപ്പെടുത്തി പണം തട്ടലുമായി ബന്ധപ്പെട്ട കേസുകളിലൊന്നിൽ ഇന്നലെ ഗോരേഗാവ് പോലീസ് സ്‌റ്റേഷനിലെത്തിയ അദ്ദേഹത്തെ ഏഴ് മണിക്കൂറോളം നേരെ ചോദ്യം ചെയ്തു. മഹാരാഷ്‌ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന്റെ രാജിയിലും പിന്നീട് അറസ്റ്റിലും കലാശിച്ച 100 കോടി രൂപയുടെ അഴിമതി ആരോപണം ഉന്നയിച്ച പരംബീർ സിംഗ്, തനിക്കെതിരെ മുംബൈ പോലീസിൽ കൂടുതൽ പരാതികളെത്തിയതോടെയാണ് മുങ്ങിയത്.
















Comments