ഗാനരചയിതാവ് ബിച്ചു തിരുമലയുടെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സംവിധായകൻ ലാൽ ജോസ്. ഇരുപത്തി അഞ്ച് വർഷം മുൻപ് നടന്ന ഒരു സ്വകാര്യ സംഭാഷണത്തിന്റെ ഓർമ്മകളാണ് ഈ അവസരത്തിൽ പങ്കു വയ്‌ക്കുന്നത്. മഴയെത്തും മുൻപേ എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ തന്റെ ആയുസ്സിനെ കുറിച്ച് ബിച്ചു തിരുമല പങ്കുവച്ച വാക്കുകളാണ് ലാൽജോസ് ഓർത്തെടുക്കുന്നത്. എഴുപത്തിയൊൻപത് വയസ്സ് പിന്നിട്ട ശേഷമേ താൻ മരിക്കൂ എന്ന് ബിച്ചു അന്ന് പറഞ്ഞതായി ലാൽ ജോസ് പറയുന്നു. 25 വർഷങ്ങൾക്ക് മുൻപ് സ്വന്തം ആയുസ്സിനെ കുറിച്ച് ബിച്ചു തിരുമല പ്രവചിച്ചത് സത്യമായെന്നാണ് ലാൽ ജോസ് അത്ഭുതത്തോടെ പറയുന്നത്. തന്റെ എൺപതാം വയസ്സിലാണ് ബിച്ചു തിരുമല ലോകത്ത് നിന്നും വിടവാങ്ങുന്നത്. ഫെയ്‌സ്ബുക്കിലാണ് ലാൽ ജോസ് ബിച്ചുതിരുമലയെ അനുസ്മരിച്ചു കൊണ്ടുള്ള കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
ലാൽ ജോസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലേക്ക്,
കാൽ നൂറ്റാണ്ട് മുമ്പ്, മഴയെത്തും മുൻപേയുടെ പാട്ട് ജോലികൾക്കിടയിലെ ഒരു സായാഹ്ന വർത്തമാനത്തിടെ കവി എന്നോടൊരു സ്വകാര്യം പറഞ്ഞു. ആയുർ ഭയം തീരെയില്ല, എഴുപത്തിയൊമ്പത് വയസ്സ് പിന്നിട്ട ശേഷമായിരിക്കും വിയോഗം. ഇന്ന് അദ്ദേഹത്തിന്റെ ചരമ വാർത്ത കണ്ടപ്പോൾ വാർത്തയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രായത്തിലേക്ക് നോക്കി ഞാൻ ഞെട്ടി. നല്ല കവികൾ ഋഷിതുല്യമായ പ്രവചന ശേഷിയുള്ളവരെന്ന ആപ്തവാക്യം വീണ്ടും ഓർക്കുന്നു. സരസ്വതീ വരം തുളുമ്പിയ ആ അക്ഷരശ്രീക്ക് മുന്നിൽ പ്രണമിക്കുന്നു. ആദരാഞ്ജലികൾ
Comments