പാലക്കാട്: വാളയാർ കേസിൽ പ്രതികളെ സിബിഐ ചോദ്യം ചെയ്തു. പാലക്കാട് പോക്‌സോ കോടതിയുടെ അനുമതിയോടെയായിരുന്നു ചോദ്യം ചെയ്യൽ. മലമ്പുഴ ജയിലിലുള്ള ഒന്നാംപ്രതി മധു, രണ്ടാം പ്രതി ഷിബു എന്നിവരെയാണ് ചോദ്യം ചെയ്തത്. ആദ്യമായാണ് സിബിഐ ഈ കേസിൽ പ്രതികളെ ചോദ്യം ചെയ്യുന്നത്.
ഹൈക്കോടതി ഉത്തരവനുസരിച്ച് പ്രതികളുടെ അഭിഭാഷകരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് ആരംഭിച്ചത്. രണ്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യൽ വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്.
കേസന്വേഷണം വേഗത്തിൽ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്തത്. ഡമ്മി പരീക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾ നടത്തുമെന്ന് സിബിഐ നേരത്തെ അറിയിച്ചിരുന്നു. കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പെൺകുട്ടികളുടെ അമ്മയിൽ നിന്നും മറ്റ് സാക്ഷികളിൽ നിന്നും മൊഴിയെടുത്തിരുന്നു.
Comments