ന്യൂഡൽഹി : അടുത്തിടെ രാജ്യത്തെ ഞെട്ടിച്ച വിലക്കയറ്റങ്ങളിൽ ഒന്നാണ് തക്കാളിയുടേത്. ഒറ്റ ആഴ്ചകൊണ്ടാണ് തക്കാളിയുടെ വില സെഞ്ച്വുറിയും തികച്ച് മുന്നേറിയത്. ഉപഭോക്താക്കളെപ്പോലെ തന്നെ കച്ചവടക്കാരെയും ഈ വിലക്കയറ്റം ബാധിച്ചിട്ടുണ്ട്. കിലോയ്‌ക്ക് 67 രൂപവരെ നൽകിയാണ് കച്ചവടക്കാർ വിൽപ്പനയ്‌ക്കായി തക്കാളി വാങ്ങുന്നത്. ഇത് വിപണിയിൽ എത്തുമ്പോൾ കിലോയ്‌ക്ക് 100 കടക്കും.
രാജ്യത്ത് തക്കാളിയുടെ ലഭ്യതയിൽ ഉണ്ടായ കുറവാണ് ഈ വിലക്കയറ്റത്തിന് കാരണം എന്നാണ് റിപ്പോർട്ടുകൾ. കാലം തെറ്റിപ്പെയ്ത മഴ തക്കാളി കൃഷിയെ പ്രതികൂലമായി ബാധിക്കുകയും, ഇതുമൂലം വിളവ് കുറയുകയും ചെയ്തിട്ടുണ്ട്. ഇതാണ് ഇപ്പോൾ വിലക്കയറ്റം സൃഷ്ടിച്ചത്. എന്നാൽ അടുത്ത മാസത്തോടെ ഇതിന് പരിഹാരം ഉണ്ടാകുമെന്നുമാണ് കേന്ദ്രസർക്കാരിൽ നിന്നും ലഭിക്കുന്ന വിവരം.
വടക്കൻ സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ചരക്ക് എത്തുന്നതോട് കൂടിയാകും രാജ്യത്ത് തക്കാളിയുടെ വില കുറയുക. ഡിസംബറിൽ വിളവെടുപ്പിന് ശേഷം തക്കാളികൾ വിപണിയിൽ എത്തും. ഇത് വിപണയിൽ തക്കാളിയുടെ ലഭ്യത വർദ്ധിക്കുന്നതിന് ഇടയാക്കും. ഇതോടെ വിലവിലെ വിലക്കയറ്റത്തിന് പരിഹാരമാകും. എല്ലാവർഷവും 21.32 ലക്ഷം ടൺ തക്കാളികളാണ് വിപണിയിൽ എത്തിക്കുക. എന്നാൽ ഈ വർഷം ഇത് 19.62 ലക്ഷം ടണായി കുറഞ്ഞിരുന്നു. ഇതാണ് വിപണിയിൽ തക്കാളിയുടെ കുറവ് നേരിടാൻ കാരണം ആയത്.
സെപ്തംബറിൽ പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിൽ ശക്തമായ മഴ ലഭിച്ചിരുന്നു. ഇത് സംസ്ഥാനങ്ങളിൽ വ്യാപക കൃഷിനാശത്തിനാണ് കാരണമായത്. അടുത്തിടെ തെക്കൻ സംസ്ഥാനങ്ങളിൽ ഉണ്ടായ മഴയും കൃഷിയെ സാരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 70.12 ലക്ഷം ടൺ തക്കാളിയാണ് രാജ്യത്ത് ആകെ ഉത്പാദിപ്പിച്ചത്. എന്നാൽ ഈ വർഷം 69.52 ലക്ഷം ടൺ തക്കാളികളാണ് രാജ്യത്ത് ഉത്പാദിപ്പിച്ചത്.
















Comments