തിരുവനന്തപുരം: സഹകരണബാങ്കുകൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്തിയ ആർബിഐ നീക്കത്തിനെ നേരിടാനൊരുങ്ങി കേരളം. സഹകരണ ബാങ്കുകൾക്ക് മേൽ ആർബി ഐ നിബന്ധന കർശനമാക്കുന്നതിനെ നിയമപരമായി നേരിടാനാണ് സംസ്ഥാന സർക്കാർ ഒരുങ്ങുന്നത്. ആർബിഐ സർക്കുലറിലെ വ്യവസ്ഥകൾക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ വ്യക്തമാക്കി. ആർബിഐയ്‌ക്ക് ഇത് സംബന്ധിച്ച് നിവേദനം നൽകും. നിക്ഷേപകർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സഹകരണ മേഖലയിലെ നിക്ഷേപങ്ങൾക്ക് ഇൻഷൂറൻസ് ബാധകമായിരിക്കില്ലെന്ന ആർബിഐ നിലപാടിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി ഇത് സംബന്ധിച്ച സർക്കാർ നിലപാട് വ്യക്തമാക്കിയത്. ഈ കാര്യത്തിൽ കേരളം പോലെ സഹകരണ പ്രസ്ഥാനങ്ങൾ ശക്തമായ മറ്റ് സംസ്ഥാനങ്ങളുമായും കൂടിയാലോചന നടത്തും. കേരളത്തിന് ബാധകമല്ലാത്ത കാര്യങ്ങൾ ആർബിഐയുടെ ശ്രദ്ധയിൽപ്പെടുത്തും.
നിയമം ലംഘിച്ച് ചില സഹകരണ സംഘങ്ങൾ ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നുവെന്നാണ് ആർബിഐ ചൂണ്ടിക്കാട്ടിയത്. സംഘാംഗങ്ങൾ അല്ലാത്തവരിൽ നിന്ന് നിക്ഷേപം സ്വീകരിക്കരുതെന്നും സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് നിയമപരിരക്ഷ ഇല്ലെന്നും ആർബിഐ വ്യക്തമാക്കി.
2020 സെപ്റ്റംബർ 29-ന് നിലവിൽ വന്ന ബാങ്കിംഗ് നിയന്ത്രണ ഭേദഗതി നിയമം, 2020 മുഖേന 1949- ലെ ബാങ്കിംഗ് നിയന്ത്രണ നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. ഇത് പ്രകാരം ബാഅർ ആക്ട് 1949 ലെ വകുപ്പുകൾ അനുസരിച്ചോ അല്ലെങ്കിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുവദിച്ചതോ ഒഴികെയുള്ള സഹകരണ സംഘങ്ങൾ ബാങ്ക്, ബാങ്കർ, ബാങ്കിംഗ് എന്ന വാക്കുകൾ അവരുടെ പേരുകളുടെ ഭാഗമായി ഉപയോഗിക്കാൻ പാടില്ലെന്ന് ആർബിഐ പുറത്തിറക്കിയ പരസ്യ കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ 15000 ലേറെ സഹകരണസംഘങ്ങളിൽ 1600 സഹകരണ ബാങ്കിംഗ് സ്ഥാപനങ്ങളെ നേരിട്ട് റിസർവ്വ് ബാങ്ക് തീരുമാനം ബാധിക്കും. തീരുമാനം സഹകരണ സംഘങ്ങളിലേക്ക് കള്ളപ്പണം വരുന്നത് തടയാനാണ് കേന്ദ്രസർക്കാറിന്റെ തീരുമാനം. സഹകരണ സംഘങ്ങൾ വഴി വലിയ രീതിയിലുള്ള നിക്ഷേപങ്ങൾ നടക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്നതിനും സഹകരണ സംഘങ്ങൾ ഒരു മറയാണ്. പുതിയ തീരുമാനങ്ങൾ നടപ്പിലിക്കുന്നതോടെ മുഴുവൻ സംസ്ഥാനങ്ങളിലെയും സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങളിൽ നിരീക്ഷണം ഏർപ്പെടുത്താനാണ് റിസർവ് ബാങ്ക് ആലോചിക്കുന്നത്
Comments