കോഴിക്കോട്: വഖഫ് ബോർഡ് നിയമനം പിഎസ് സിക്ക് വിടാനുളള തീരുമാനം പിൻവലിക്കണമെന്ന് ആവർത്തിച്ച് മുസ്ലിം ലീഗ്. നവംബർ 30 ന് മുസ്ലീം സംഘടനകൾ കോഴിക്കോട് യോഗം ചേർന്ന് സമര പരിപാടികൾ തീരുമാനിക്കുമെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.
നേരത്തെ പാണക്കാട് സയ്യീദ് സാദിഖലി ശിഹാബ് തങ്ങളും ലീഗിന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. തീരുമാനം കേന്ദ്ര വഖഫ് ആക്ടിനെതിരാണെന്നാണ് ലീഗിന്റെ വാദം. നിയമനത്തിനുളള പരിപൂർണ അധികാരം വഖഫ് ബോർഡിനാണെന്നും ലീഗ് ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിൽ സർക്കാർ തീരുമാനത്തെ കോടതിയിൽ ചോദ്യം ചെയ്യാനും ലീഗും മുസ്ലീം സംഘടനകളും തീരുമാനിച്ചിട്ടുണ്ട്.
മോഫിയയുടെ മരണത്തിൽ ആരോപണ വിധേയനായ പോലീസുകാരനെ സർക്കാർ സംരക്ഷിച്ചതായും അയാൾക്ക് സിപിഎമ്മിന്റെ ലോക്കൽ നേതാവിന്റെ പിന്തുണയുണ്ടായിരുന്നുവെന്നും പിഎംഎ സലാം ആരോപിച്ചു. അട്ടപ്പാടിയിൽ പോഷകാഹാരം വിതരണം ചെയ്യുന്ന പദ്ധതി മാസങ്ങളായി മുടങ്ങിയിരിക്കുകയാണെന്നും ശിശുമരണവുമായി ബന്ധപ്പെട്ട് പ്രതികരിക്കവേ സലാം പറഞ്ഞു.
അഴിമതിയും തട്ടിപ്പും സർക്കാരിന്റെ മുഖമുദ്രയായി. നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിയിൽ ശക്തമായ നടപടിയുണ്ടാകും. അടുത്ത മാസം 20 ന് പ്രവർത്തക സമിതി ചേരും. സമിതിയുടെ അംഗീകാരം കിട്ടിയ ശേഷം ഇത് അറിയിക്കും. സിറ്റിംഗ് അല്ലാത്ത സീറ്റുകളിലും ജയസാധ്യത ഉണ്ടായിട്ടും എന്ത് കൊണ്ട് തോറ്റു എന്നത് പരിശോധിക്കും ഗുരുതരമായ വീഴ്ച അപൂർവ്വം മണ്ഡലങ്ങളിലേ ഉണ്ടായിട്ടുള്ളുവെന്നും സലാം പറഞ്ഞു.
കോഴിക്കോട് സൗത്തിൽ വനിതാ സ്ഥാനാർത്ഥിയെ പൂർണമായും പിന്തുണച്ചു. എന്നാൽ മണ്ഡലത്തിലെ പ്രാദേശിക സംവിധാനത്തിൽ പാളിച്ചകളുണ്ടായിയെന്നും സലാം വ്യക്തമാക്കി.
















Comments