കണ്ണൂർ : വീട്ടമ്മയെയും കുട്ടികളെയും ജീവിതത്തിലേക്ക് പിടിച്ചുകയറ്റി എക്‌സൈസ് ഉദ്യോഗസ്ഥയും വീട്ടമ്മയും. തളിപ്പറമ്പ് സ്വദേശിനി ഇന്ദുവിനും ഇവരുടെ കുട്ടികൾക്കുമാണ് എക്‌സൈസ് ഉദ്യോഗസ്ഥ അനു, വീട്ടമ്മ നളിനി എന്നിവരുടെ സമയോചിത ഇടപെടലിനെ തുടർന്ന് ജീവൻ തിരികെ ലഭിച്ചത്. ചിറയിൽ മുങ്ങിത്താണ നാല് പേരുടെയും ജീവൻ രക്ഷിച്ചത് അനുവും നളിനിയും ചേർന്നാണ്.
കഴിഞ്ഞ ദിവസമായിരുന്നു ഇന്ദുവും കുട്ടികളും ചിറയിൽ അകപ്പെട്ടത്. മാതമംഗലത്തെ ബന്ധുവീട്ടിൽ വിരുന്നിനെത്തിയതായിരുന്നു ഇന്ദുവും കുട്ടികളും. ഉച്ചയ്‌ക്ക് കുളിക്കാനായി ചിറയിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഇന്ദുവിന്റെ എട്ടും ആറും വയസ്സുള്ള കുട്ടികളാണ് ആദ്യം ചിറയിൽ അകപ്പെട്ടത്. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇന്ദുവും മൂന്ന് വയസ്സുള്ള കുട്ടിയും വെള്ളത്തിൽ വീഴുകയായിരുന്നു. സംഭവ സമയം ചിറയിൽ വസ്ത്രങ്ങൾ കഴുകാൻ എത്തിയതായിരുന്നു അനുവും നളിനിയും.
ഇന്ദുവിന്റെയും കുട്ടികളുടെയും കരച്ചിൽ കേട്ട് നോക്കിയപ്പോഴാണ് നാല് പേരും മുങ്ങിത്താഴുന്നത് നളിനിയും അനുവും കണ്ടത്. ഉടനെ ചാടി രക്ഷപ്പെടുത്തുകയായിരുന്നു. ഏഴോം കൊട്ടില സ്വദേശിയും തളിപ്പറമ്പ് റേഞ്ച് ഓഫീസറുമാണ് അനു. സമയോചിതമായ ഇടപെടലിലൂടെ നാല് ജീവനുകൾ രക്ഷിച്ച അനുവിനെയും നളിനിയെയും നാട്ടുകാർ അഭിനന്ദിച്ചു. കേരള എക്‌സൈസും അനുവിന് അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്.
















Comments