ഇടുക്കി: ഫസൽ വധക്കേസിൽ പ്രതികളായ സിപിഎം നേതാക്കൾക്കെതിരെ അന്വേഷണം നടത്തിയതിന് ഇടത് സർക്കാരിന്റെ പ്രതികാര നടപടികൾക്ക് വിധേയനായ കെ. രാധാകൃഷ്ണന്റെ കിടപ്പാടവും നഷ്ടമാകുന്നു. രണ്ട് മാസത്തിനുള്ളിൽ വീട്ടിൽ നിന്ന് ഒഴിയണമെന്നാണ് ബാങ്ക് അധികൃതരുടെ താക്കീത്.
കോട്ടയം സ്വദേശിയായ രാധാകൃഷ്ണൻ 35 ലക്ഷം രൂപ വായ്പയെടുത്താണ് തൃപ്പൂണിത്തുറയിൽ വീട് വാങ്ങിയത്. ആദ്യ ഗഡുക്കൾ കൃത്യമായി അടച്ചു. പിന്നീടാണ് ഫസൽ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ ആരംഭിച്ചത്. സിപിഎം നേതാക്കൾ ആഗ്രഹിച്ച രീതിയിൽ കേസ് അന്വേഷിക്കാതിരുന്നതിനായിരുന്നു ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന രാധാകൃഷ്ണന് വേട്ടയാടൽ നേരിടേണ്ടി വന്നത്. സർക്കാരിന്റെ പകപോക്ക് ആരംഭിച്ചതോടെ സാമ്പത്തിക പ്രതിസന്ധിയുണ്ടായി. തിരിച്ചടവ് മുടങ്ങി. ഇതോടെ സ്ഥലം ബാങ്ക് ജപ്തി ചെയ്തു. 25 ലക്ഷം രൂപ ഉടൻ നൽകിയില്ലെങ്കിൽ വീട് നഷ്ടമാകുമെന്നും ലേലത്തിൽ വയ്‌ക്കുമെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി.
2006ലെ ഫസൽ വധക്കേസിന് ശേഷം സിപിഎമ്മിന്റെ നടപടിക്ക് പിന്നാലെ കേസ് നടത്തിയാണ് സമ്പാദ്യമെല്ലാം നഷ്ടമായത്. സസ്‌പെൻഷൻ നേരിട്ടതിന് ശേഷം 2008ൽ വീണ്ടും ജോലിയിൽ പ്രവേശിച്ചു. 2016ൽ ഐപിഎസ് ലഭിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു സസ്‌പെൻഷൻ. ഇതിനെതിരെ 5 വർഷത്തോളം സുപ്രീംകോടതിയിൽ ഉൾപ്പെടെ കേസ് നടത്തിയാണ് ജോലിയിൽ കറിയത്.
വിരമിച്ച് ഏഴ് മാസം കഴിഞ്ഞിട്ടും താത്കാലിക പെൻഷൻ പോലും തടഞ്ഞുവച്ചരിക്കുകയാണ്. മകൾ ഗവേഷക വിദ്യാർത്ഥിയായിരുന്നു. ഹോസ്റ്റലിൽ ഫീസ് കെട്ടാനാകാതെ പഠനം അവസാനിപ്പിച്ചു. സിവിൽ സർവീസ് കോച്ചിങ്ങിന് പോയിരുന്ന മകന്റെയും പഠനം നിന്നു. ചെറിയ ജോലികളിലൂടെ വരുമാനം കണ്ടെത്തുകയാണ് ഇരുവരും.
വാഹനാപകടത്തിൽ പരിക്ക് പറ്റിയതറിഞ്ഞ് നിരവധി പേർ വിളിച്ചിരുന്നതായും നീതി ലഭിക്കണമെന്നും മക്കളുടെ ഭാവി സുരക്ഷിതമാകണമെന്നുമാണ് ആഗ്രഹമെന്നും രാധാകൃഷ്ണൻ പറഞ്ഞു.
















Comments