കോട്ടയം: അതിരമ്പുഴ പശ്ചായത്തിൽ ഭീതിവിതച്ച് മോഷണ സംഘം. അടിവസ്ത്രം മാത്രം ധരിച്ച് കൈയ്യിൽ വടിവാളും കോടാലിയുമായി നീങ്ങുന്ന സംഘത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിലായി. അതിരമ്പുഴ തൃക്കേൽ ക്ഷേത്രം, മറ്റം കവല എന്നീ ഭാഗങ്ങളിലെ മൂന്ന് വീടുകളിൽ മോഷണത്തിന് ശ്രമിച്ച ഇവർ വാതിൽ തുറക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടുകാർ ഉണർന്ന് ബഹളം വെയ്‌ക്കുകായായിരുന്നു.
അതിരമ്പുഴ പ്രദേശത്തെ ജാസ്മിൻ, ഇക്ബാൽ എന്നിവരുടെ വീടുകളിലായിരുന്നു മോഷണ ശ്രമം. ഇവർ കമ്പിയുപയോഗിച്ച് വാതിലുകളും ജനാലകളും തുറക്കാൻ ശ്രമിച്ചുവെന്നാണ് വീട്ടുകാർ പറയുന്നത്. വീട്ട് മുറ്റത്തുണ്ടായിരുന്ന ചെരിപ്പുകളും, വസ്ത്രങ്ങളും അവർ മോഷ്ടിച്ചു. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരും ജനപ്രതിനിധിയും സ്ഥലത്തെത്തി തിരച്ചിൽ നടത്തി പക്ഷേ ഇവരെ കണ്ടെത്താനായില്ല. സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് കൈമാറി.
ഇവർ തമിഴ്‌നാട്ടിലെ കുപ്രസിദ്ധരായ കുറുവാസംഘമാണോയെന്നും സംശയിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യം ഉറപ്പിക്കാനാവില്ലെന്ന് പോലീസ് പറയുന്നു. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഘം കവർച്ചക്കെത്തുന്നത്.
കോട്ടയത്ത് എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പ്രദേശത്ത് യോഗം ചേർന്നു. രാത്രികാലങ്ങളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദേശം നൽകി. വാർഡുകൾ അടിസ്ഥാനത്തിൽ മൈക്ക് അനൗൺസ്മെന്റും നടത്തി. ചെറു സംഘങ്ങൾ രൂപീകരിച്ച് സുരക്ഷ ശക്തമാക്കാനുള്ള നീക്കത്തിലാണ് നാട്ടുകാർ. റെയിൽവേ ട്രാക്കിന്റെ സമീപ പ്രദേശങ്ങളിൽ പോലീസ് പട്രോളിങ്ങും സജീവമാക്കി.
















Comments