അഗർത്തല: ത്രിപുരയിൽ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ ആദ്യഫലസൂചനകൾ ബിജെപിക്ക് അനുകൂലം. അഗർത്തല മുനിസിപ്പൽ കോർപ്പറേഷൻ ഉൾപ്പെടെ ത്രിപുരയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ശക്തമായ മുന്നേറ്റമാണ് ബിജെപി കാഴ്ചവെക്കുന്നത്.
13 മുനിസിപ്പൽ കൗൺസിലുകൾ, അഗർത്തല കോർപ്പറേഷനിലെ 51 വാർഡുകൾ, ആറ് നഗര പഞ്ചായത്തുകൾ എന്നിവ ഉൾപ്പെടെ 334 സീറ്റുകളിലേക്കാണ് ത്രിപുരയിൽ തിരഞ്ഞെടുപ്പ് നടന്നത്. ബിജെപി കൂടാതെ തൃണമൂൽ കോൺഗ്രസ്, സിപിഐ, സിപിഎം എന്നീ പാർട്ടികളാണ് പ്രധാനമായും മത്സരത്തിനുണ്ടായിരുന്നത്. എല്ലാ സീറ്റുകളിലും മത്സരിച്ച ഭരണകക്ഷിയായ ബിജെപി 112 ഇടത്തും മുന്നിട്ട് നിൽക്കുകയാണ്.
അഗർത്തല കോർപ്പറേഷനിലെ 51 വാർഡുകളിൽ 29 ഇടത്തും ബിജെപി വിജയം ഉറപ്പിച്ചു. പ്രദേശത്ത് ബിജെപി പ്രവർത്തകർ നൃത്തം ചെയ്ത് ആഘോഷങ്ങൾ തുടങ്ങി. തുഷാന്ത് കാന്തി ഭട്ടാചാര്യ, അഭിഷേക് ദത്ത എന്നിവർ വിജയിച്ച ബിജെപി സ്ഥാനാർത്ഥികളാണ്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനങ്ങൾ വരുന്നതിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് സംസ്ഥാനം.
















Comments