തിരുവനന്തപുരം: മഴ കഴിഞ്ഞാൽ ഉടൻ റോഡുകളുടെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മഴ പ്രവൃത്തികൾക്ക് തടസ്സമാകുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 119 കോടി രൂപ അനുവദിച്ചതായി മന്ത്രി വ്യക്തമാക്കി.
ജല അതോറിറ്റി റോഡുകൾ പൊളിക്കുന്നത് സംബന്ധിച്ച് നിരവധി പരാതികൾ ലഭിക്കുന്നുണ്ട്. ഇത് പരിഹരിക്കാൻ ശ്രമം തുടങ്ങി. ഉടൻതന്നെ യോഗം വിളിച്ച് പ്രശ്‌ന പരിഹാരം കാണും. ഇക്കാര്യത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
റോഡ് അറ്റകുറ്റപ്പണി ചെയ്തു കഴിഞ്ഞാൽ കരാറുകാരന്റെ ജോലി തീരില്ല. പരിപാലന കാലയളവിൽ റോഡിലുണ്ടാകുന്ന തകരാറുകൾ എല്ലാം കരാറുകാരൻ തന്നെ പരിഹരിക്കണം. കാലാവധി കഴിഞ്ഞ റോഡിന് റണ്ണിംഗ് കോൺട്രാക്ട് നൽകാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ ഹൈക്കോടതി രൂക്ഷമായ വിമർശനം നടത്തിയിരുന്നു. പണിയറിയില്ലെങ്കിൽ എഞ്ചിനീയർമാർ രാജി വെച്ച് പോകണമെന്നാണ് ഹൈക്കോടതി പറഞ്ഞത്.സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ പല ഉത്തരവുകൾ ഇറക്കിയെങ്കിലും ഫലമില്ലാത്ത അവസ്ഥയാണെന്നും കോടതി പറഞ്ഞിരുന്നു.
















Comments