ബല്‍റാംപൂര്‍: ഛത്തീസ്ഗഡില്‍ കമ്മ്യൂണിസ്റ്റ് ഭീകര മേഖലകളിലെ ഗ്രാമങ്ങളില്‍ കൊറോണ വാക്‌സിനേഷന്‍ ഡ്രൈവുമായി ആരോഗ്യ പ്രവര്‍ത്തകര്‍. ബല്‍റാംപൂര്‍ ജില്ലയിലെ കമ്മ്യൂണിസ്റ്റ് ഭീകരബാധിത മേഖലകളായ ചുന്‍ചുന, പുന്‍ഡാംഗ് എന്നീ ഗ്രാമങ്ങളിലാണ് ആരോഗ്യപ്രവര്‍ത്തകര്‍ ജീവന്‍ പോലും പണയം വച്ച് കൊറോണയ്‌ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അതീവ ദുര്‍ഘടമായ പാതകളിലൂടെയാണ് ഇവിടെ പലയിടത്തും എത്തിച്ചേരാന്‍ സാധിക്കുന്നത്. ജില്ലയിലെ മെഗാ വാക്‌സിനേഷന്‍ ക്യാപെയ്‌നിന്റെ ഭാഗമായി എല്ലാവര്‍ക്കും വാക്‌സിനേഷന്‍ ലഭ്യമാക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായിട്ടാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഇവിടെ എത്തിച്ചേര്‍ന്നത്. 616 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലായി 1,26,000 ഡോസ് വാക്‌സിന്‍ നല്‍കാനാണ് ജില്ലയിലെ മെഗാ വാക്‌സിനേഷന്‍ ക്യാംപിലൂടെ ലക്ഷ്യമിട്ടത്.
ആരോഗ്യപ്രവര്‍ത്തകരോടൊപ്പം മേഖലയിലെ അംഗന്‍വാടി അദ്ധ്യാപകരും, ആശാ വര്‍ക്കര്‍മാരും പദ്ധതിയുടെ ഭാഗമായി. തങ്ങളുടെ വീടുകളിലേക്കും ഗ്രാമങ്ങളിലേക്കും നല്ല റോഡുകളോ വഴിയോ ഇല്ലാത്ത സാഹചര്യത്തിലും ആരോഗ്യപ്രവര്‍ത്തകര്‍ ഇവിടെ എത്തി വാക്‌സിനേഷന്‍ വിതരണം നടത്തിയത് ഏറെ സന്തോഷകരമായ കാര്യമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഭീഷണിയുള്ള വനപ്രദേശമാണ് ചുന്‍ചുന. ആരോഗ്യപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ അഭിനന്ദനാര്‍ഹമാണെന്നും ചുന്‍പുനയിലെ സര്‍പഞ്ച് പറഞ്ഞു.
വാക്‌സിനേഷന്‍ ഡ്രൈവിന്റെ ഭാഗമായി നേരത്തേയും ചുന്‍പുനയില്‍ എത്തിയിട്ടുണ്ടെന്നും , അന്ന് കമ്മ്യൂണിസ്റ്റ് ഭീകരര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും നഴ്‌സായ രോഷ്‌നി പറയുന്നു. എന്നാല്‍ ജനങ്ങള്‍ അതിനെയൊന്നും വകവയ്‌ക്കാതെയാണ് വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തുന്നത്. എല്ലാവരും വാക്‌സിന്‍ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. നിലവില്‍ ഈ ഗ്രാമങ്ങളിലെ 50 ശതമാനം പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു. ബാക്കിയുള്ള 50 ശതമാനത്തിനും വൈകാതെ തന്നെ വാക്‌സിന്‍ നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
















Comments