ന്യൂഡൽഹി: തന്നെ വീണ്ടും തട്ടിക്കൊണ്ടു പോകുമെന്നും ഗയാനയിലേക്ക് നിയമവിരുദ്ധമായ രീതിയിൽ കടത്തിക്കൊണ്ടു പോയേക്കാമെന്നും ഭയപ്പെടുന്നതായി വിവാദ വ്യവസായി മെഹുൽ ചോക്‌സി. എ.എൻ.ഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ചോക്‌സി ഇക്കാര്യം പറഞ്ഞത്. ‘എന്നെ ഒരിക്കൽ കൂടി ഇവിടെ നിന്ന് തട്ടിക്കൊണ്ടു പോകാൻ സാധ്യതയുണ്ട്. ഗയാനയിലേക്കായിരിക്കും കൊണ്ടു പോകുന്നത്. ശക്തമായ ഇന്ത്യൻ സാന്നിധ്യമാണ് അവിടെ ഉള്ളത്. നിയമവിരുദ്ധമായ രീതിയിൽ എന്നെ പുറത്താക്കാനിയിരിക്കും ശ്രമിക്കുന്നത്’ ചോക്‌സി പറയുന്നു.
‘ നിലവിൽ ആന്റിഗ്വയിലെ വീടിന്റെ പരിമിതികൾക്കുള്ളിലാണ് ജീവിക്കുന്നത്. ഇവിടെ നിന്നും എങ്ങോട്ടും മാറാൻ എന്റെ മോശം ആരോഗ്യം അനുവദിക്കുന്നില്ല. ഇന്ത്യയിലെ ആൾക്കാരുടെ നിയന്ത്രണങ്ങളാൽ തടവിലായതോടെ വലിയ തകർച്ചയാണ് എന്റെ ജീവിതത്തിലുണ്ടായത്. മാനസികമായും ആരോഗ്യപരമായും വല്ലാതെ തളർന്ന അവസ്ഥയിലാണിപ്പോൾ. ഭയന്നാണ് ജീവിക്കുന്നത്. ഡോക്ടർമാരുടെ നിർദ്ദേശങ്ങളെ അവഗണിച്ച് വീടിന് പുറത്തിറങ്ങാൻ കഴിയില്ല. ആരുടേയും ശ്രദ്ധ എന്നിലേക്ക് വരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുന്നുണ്ട്. എന്റെ മോശം ആരോഗ്യം എന്തെങ്കിലും ചെയ്യുന്നതിനോ പ്രവർത്തിക്കുന്നതിനോ എന്നെ അനുവദിക്കുന്നില്ല’.
‘ എന്റെ അഭിഭാഷകർ ആന്റിഗ്വയിലും ഡൊമിനിക്കയിലും എനിക്കായി വാദിക്കുകയാണ്. വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം ഞാൻ ആന്റിഗ്വൻ വംശജനാണ്. ഇവിടെ നിന്നും മറ്റൊരു രാജ്യത്തേക്ക് നിയമവിരുദ്ധമായി തട്ടിക്കൊണ്ടു പോവുകയായിരുന്നു. കോമൺവെൽത്ത് രാജ്യങ്ങളുടെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ട്. എല്ലാത്തിന്റെയും അവസാനം നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും ചോക്‌സി പറയുന്നു. ഈ വർഷം മെയ് 23ന് ആന്റിഗ്വയിൽ നിന്ന് ചോക്‌സിയെ കാണാതായിരുന്നു. പിന്നീട് ഡൊമിനിക്കയിൽ നിന്നാണ് ഇയാളെ പിടികൂടുന്നത്. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിന് പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ഇന്ത്യയ്‌ക്ക് കൈമാറുന്നത് തടയാൻ വേണ്ടിയാണ് മറ്റൊരു രാജ്യത്തേക്ക് കടന്നതെന്ന് ആരോപണം ഉയർന്നിരുന്നു. ജൂലൈ 12ന് ചോക്‌സിക്ക് ഡൊമിനിക്ക ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
















Comments