ന്യൂഡൽഹി ; പാർലമെന്റിൽ സമ്മേളനത്തിനിടെ അപമര്യാദയായി പെരുമാറിയ എളമരം കരീം ബിനോയ് വിശ്വം ഉൾപ്പെടെയുള്ള രാജ്യസഭാ എംപിമാർക്ക് സസ്‌പെൻഷൻ. വർഷകാല സമ്മേളനത്തിനിടെ മോശമായി പെരുമാറുകയും സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത 12 പ്രതിപക്ഷ എംപിമാരെയാണ് രാജ്യസഭയിൽ നിന്നും സസ്‌പെന്റ് ചെയ്തത്. ഇവർക്ക് ശീതകാല സമ്മേളനത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നും ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
എംപിമാർ രാജ്യസഭാ അദ്ധ്യക്ഷന്റെ അധികാരത്തെ അവഗണിക്കുകയും സഭയുടെ നിയമങ്ങളെ പൂർണ്ണമായി ദുരുപയോഗം ചെയ്യുകയും ചെയ്തതായി പ്രസ്താവനയിൽ പറയുന്നു. അക്രമാസക്തമായ പ്രവർത്തനങ്ങളിലൂടെ സഭയുടെ പ്രവർത്തനങ്ങളെ മനഃപൂർവ്വം തടസ്സപ്പെടുത്തിയതിനെ ശക്തമായി അപലപിക്കുന്നു. രാജ്യസഭയുടെ 254-ാമത് സമ്മേളനത്തിന്റെ അവസാന ദിവസമായ ഓഗസ്റ്റ് 11 ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഇവർ മനഃപൂർവ്വം ആക്രമണം നടത്തുകയായിരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.
എളമരം കരീം (സിപിഎം), ബിനോയ് വിശ്വം (സിപിഐ), ഫൂലോ ദേവി നേതം (കോൺഗ്രസ്), ഛായ വർമ്മ (കോൺഗ്രസ്), റിപുൺ ബോറ (കോൺഗ്രസ്), രാജാമണി പട്ടേൽ (കോൺഗ്രസ്), ഡോല സെൻ (ടിഎംസി), ശാന്ത ഛേത്രി (ടിഎംസി), സയ്യിദ് നാസിർ ഹുസൈൻ (കോൺഗ്രസ്), പ്രിയങ്ക ചതുർവേദി (ശിവസേന), അനിൽ ദേശായി (ശിവസേന), അഖിലേഷ് പ്രസാദ് സിംഗ്(കോൺഗ്രസ്) എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.
















Comments