ന്യൂഡൽഹി: ബിറ്റ്‌കോയിനെ കറൻസിയായി അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ.പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിന്റെ ആദ്യ ദിനം ലോകസഭയിലാണ് കേന്ദ്ര മന്ത്രി നിലപാട് വ്യക്തമാക്കിയത്. ക്രിപ്‌റ്റോകറൻസികൾക്ക് പ്രചാരം ഏറുന്നത് ബാങ്കിങ് സംവിധാനം ദുർബ്ബലമാക്കിയേക്കാം എന്നതാണ് ബിറ്റ്‌കോയിനെ കറൻസിയാക്കി അംഗീകരിക്കാത്തതിന്റെ പ്രധാനകാരണം.ക്രിപ്‌റ്റോകറൻസി വ്യാപകമാകുന്നത് രാജ്യത്ത് കള്ളപ്പണമൊഴുക്ക് കൂട്ടുകയും സാമ്പത്തിക ക്രമക്കേടുകൾക്കും തട്ടിപ്പുകൾക്കും കാരണമാകുമെന്നും കേന്ദ്രം മുൻപ് ആശങ്ക പ്രകടിപ്പിച്ചിരുന്നു.
സ്വകാര്യ ക്രിപ്റ്റോ കറൻസികൾ വിറ്റഴിയ്‌ക്കാൻ കേന്ദ്രം ക്രിപ്റ്റോകറൻസി ആന്റ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ 2021 പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെയാണ്.ഇതിന് പിന്നാലെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയിലെ എല്ലാ സ്വകാര്യ ക്രിപ്‌റ്റോകറൻസികളെയും നിരോധിക്കാനാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കാനിരിക്കുന്ന ഡിജിറ്റൽ കറൻസിക്ക് സുഗമമായ പാത ഒരുക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.
ക്രിപ്റ്റോ കറൻസി ഇടപാടുകളുടെ സാധുത വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അടുത്തിടെ ഉന്നതതലയോഗം ചേർന്നിരുന്നു. ഈ യോഗത്തിലും സമാനമായ അഭിപ്രായമാണ് ഉയർന്നുവന്നത്. വികസിച്ച് കൊണ്ടിരിക്കുന്ന ഒരു സാങ്കേതിക വിദ്യ എന്ന നിലയിൽ ക്രിപ്റ്റോ കറൻസിക്ക് മേൽ ശക്തമായ നിരീക്ഷണം നടത്തുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നുമാണ് സർക്കാർ വ്യക്തമാക്കിയത്. എന്നാൽ ക്രിപ്റ്റോ കറൻസി നിരോധിക്കേണ്ടെന്നും പകരം നിയന്ത്രിക്കുകയാണ് വേണ്ടതെന്നുമായിരുന്നു പാർലമെന്ററി പാനലിന്റെ നിലപാട്.
ബ്രോക്കർ ഡിസ്‌കവറി ആൻഡ് കംപാരിസൺ പ്ലാറ്റ്ഫോമായ ബ്രോക്കർചൂസറിന്റെ ഡാറ്റ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ക്രിപ്റ്റോകറൻസി ഉടമകൾ ഉള്ളത് ഇന്ത്യയിലാണെന്നാണ് വിവരം. ഏകദേശം 10.07 കോടി വരുമിത്. 2.74 കോടി ക്രിപ്റ്റോ ഉടമകളുമായി യുഎസ് രണ്ടാം സ്ഥാനത്തും റഷ്യ (1.74 കോടി), നൈജീരിയ (1.30 കോടി) സ്ഥാനത്തുമാണ്.
















Comments