തൃശ്ശൂർ: ജില്ലയിൽ നോറോ വൈറസ് വ്യാപിക്കുന്നു. നാല് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. സെന്റ് മേരീസ് കോളേജ് വിദ്യാർത്ഥികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ തൃശ്ശൂർ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 60 ആയി.
രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സെന്റ് മേരീസ് കോളേജിലെ ക്ലാസുകൾ ഓൺലൈൻ ആക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്ന് വൈറസ് പകർന്നതാണെന്നാണ് പ്രാഥമിക നിഗമനം. തുടർന്ന് ഡിഎംഒ യുടെ നേതൃത്വത്തിലുള്ള സംഘം കോളജ് ഹോസ്റ്റലിലും പരിസരത്തും സന്ദർശനം നടത്തിയിരുന്നു.
കോളേജ് ഹോസ്റ്റലിലെ കിണർ വെള്ളത്തിലുള്ള ഇ-കോളി ബാക്ടീരിയയുടെ അളവ് വർദ്ധിച്ചതാണ് വൈറസ് പടരാനുള്ള കാരണമെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. തുടർന്ന് പ്രദേശത്തെ കിണറുകൾ അണുവിമുക്തമാക്കുകയാണ് ആരോഗ്യ വകുപ്പ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കൂടാതെ ഹോസ്റ്റലിലുള്ള വിദ്യാർത്ഥികളും ജീവനക്കാരും ജാഗ്രത പാലിക്കാനും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.
വയറിളക്കം, വയറുവേദന, ഛർദ്ദി, മനംമറിക്കൽ, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസിന്റെ പ്രധാന ലക്ഷണങ്ങൾ. ഛർദ്ദി,വയറിളക്കം എന്നിവ മൂർച്ഛിച്ചാൽ നിർജ്ജലീകരണം സംഭവിക്കുകയും രോഗം ഗുരുതരാവസ്ഥയിലേക്ക് മാറുകയും ചെയ്യും. മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുക. രോഗബാധയേറ്റ വ്യക്തികളുമായുള്ള സമ്പർക്കത്തിലൂടെയും രോഗം പടരും.
















Comments