തിരുവനന്തപുരം : മുൻ ലോകസുന്ദരി ഐശ്വര്യറായിയ്‌ക്കായി സ്പെഷ്യൽ കൈത്തറി സാരി ഒരുക്കുകയാണ് തിരുവനന്തപുരം ബാലരാമപുരത്തെ പുഷ്പ ഹാൻഡ്ലൂമിലെ തൊഴിലാളികൾ. നാൽപത്തിരണ്ടു ദിവസത്തോളമെടുത്താണ് ഐശ്വര്യയ്‌ക്കായി സാരി ഡിസൈൻ ചെയ്യുന്നത്
അരിപ്പശ ചേർത്ത് കെമിക്കലില്ലാതെയാണ് ഇതിനായി നൂലുണ്ടാക്കുന്നത് . പന്ത്രണ്ടു വർഷം മുൻപും ഐശ്വര്യയ്‌ക്കായി പുഷ്പ ഹാൽഡ് ലൂം തൊഴിലാളികൾ സാരി ഡിസൈൻ ചെയ്തിട്ടുണ്ട്.
അന്ന് ഗോൾഡൻ നിറമുള്ള സാരിയാണ് ഐശ്വര്യക്കായി ഡിസൈൻ ചെയ്തത്. അതേ ഡിസൈനിലുള്ള മറ്റൊരു സാരി കൂടി ഇപ്പോഴും പുഷ്പയിൽ ഉണ്ട് . മുൻപ് നൽകിയ സാരിയോടുള്ള ഇഷ്ടം കൊണ്ടായിരിക്കണം വീണ്ടും സാരി ഡിസൈൻ ചെയ്യാൻ ഐശ്വര്യ ആവശ്യപ്പെട്ടതെന്നാണ് പുഷ്പ ഹാൽഡ് ലൂം ഉടമ ഉദയൻ പറയുന്നത്.
പരമ്പരാഗതരീതിയിൽ ഉണക്കപ്പാവ് നൂലിൽ നെയ്യുന്ന ബാലരാമപുരം കൈത്തറി വസ്ത്രങ്ങൾക്ക് ഇഴയടുപ്പം കൂടുതലാണ്. അതാണ് എക്കാലത്തും ബാലരാമപുരം കൈത്തറിയെ വേറിട്ടുനിർത്തുന്നത്. ബാലരാമപുരം കൈത്തറിയുടെ തുടക്കകേന്ദ്രമായ ശാലിഗോത്ര തെരുവാണ് കൈത്തറി വിപണിയുടെ പ്രധാന കേന്ദ്രം.തോർത്ത്, മുണ്ട്, സെറ്റ് മുണ്ടും സാരിയും, കസവ് സാരി, പുടവ, കവണി തുടങ്ങി നിരവധി വൈവിധ്യങ്ങളായ വസ്ത്രങ്ങളാണ് ബാലരാമപുരം കൈത്തറിയുടേതായുള്ളത്.
Comments