ന്യൂഡൽഹി ; ഈ മാസം മുതൽ വിദേശ വിമാന സർവ്വീസുകൾ പുനരാരംഭിക്കാനുള്ള ഉത്തരവ് പിൻവലിച്ച് ഇന്ത്യ. കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ പ്രതിരോധം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ നടപടി. പ്രധാനമന്ത്രി വിളിച്ചുചേർത്ത അവലോകന യോഗത്തിൽ ഇത് സംബന്ധിച്ച പുനഃപരിശോധന നടത്താൻ വ്യോമയാന മന്ത്രാലയത്തിന് നിർദ്ദേശം നൽകിയിരുന്നു. ഈ മാസം 15 മുതൽ വിദേശ രാജ്യങ്ങളിലേക്ക് വിമാന സർവ്വീസുകൾ പൂർണമായും ആരംഭിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.
കൊറോണയുടെ രണ്ട് തരംഗങ്ങളിലും വിദേശ രാജ്യങ്ങളിലേക്കുള്ള സർവ്വീസുകൾ നിർത്തിവെച്ചിരുന്നു. ഇത് രോഗവ്യാപനം നിയന്ത്രിക്കാൻ സഹായിച്ചു. ഒമിക്രോൺ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ വിദേശ വിമാന സർവ്വീസുകൾ പുനരാരംഭിക്കാനുള്ള തീരുമാനം വീണ്ടും പരിശോധിക്കണമെന്ന് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിൽ ഡിസംബർ 15ന് സർവീസുകൾ പുനഃരാരംഭിക്കാനുള്ള ഉത്തരവ് മരവിപ്പിച്ചിരിക്കുന്നതായി സിവിൽ വ്യോമയാന മന്ത്രാലയം അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്ന് ഡൽഹിയിലെത്തിയ നാല് യാത്രക്കാർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സാമ്പിളുകൾ തുടർപരിശോധനയ്‌ക്കായി അയച്ചിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയിൽ നിന്നും മുംബൈയിലെത്തിയ ആറ് യാത്രക്കാർക്കും കൊറോണ സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ പ്രതിരോധ നടപടികൾ കൂടുതൽ കടുപ്പിക്കുന്നത്. രാജ്യത്ത് എത്തിയവർക്ക് ആർക്കും തന്നെ ഒമിക്രോൺ വകഭേദം അല്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്.
















Comments