ആലപ്പുഴ: കെ. റെയിൽ പദ്ധതിക്കെതിരെ ആലപ്പുഴയിൽ നാട്ടുകാരുടെ പ്രതിഷേധം. പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞെന്നാരോപിച്ച് സ്ത്രീകളെ അടക്കം പോലീസ് കസ്റ്റഡിയിൽ എടുത്തു. വൻ പോലീസ് സന്നാഹത്തോടെയായിരുന്നു ഉദ്യോഗസ്ഥരുടെ സന്ദർശനം.
ഞങ്ങളുടെ കൃഷിഭൂമി നശിപ്പിച്ച് ഈ പദ്ധതി വേണ്ടെന്നായിരുന്നു ഇവരുടെ അഭിപ്രായം. കേന്ദ്ര റെയിൽവേ ബോർഡിന്റെ പോലും അംഗീകാരമില്ല. ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ വരേണ്ട കാര്യമില്ലെന്നും ഉദ്യോഗസ്ഥരോട് നേരത്തെ തന്നെ തങ്ങളുടെ നിലപാട് പറഞ്ഞതാണെന്നും നാട്ടുകാർ പറയുന്നു.
ഹൈക്കോടതി നിർദ്ദേശമുണ്ടെന്ന് പോലീസുകാർ ചൂണ്ടിക്കാട്ടിയതോടെ പദ്ധതിയെ എതിർക്കുന്നവർക്ക് അനുകൂലമായ കോടതി ഉത്തരവ് ഇവർ പോലീസിനെ കാണിച്ചു. കെ റെയിൽ സമരസമിതിയും മുളങ്കാട് റെസിഡൻസ് അസോസിയേഷനും കക്ഷികളായ ഹർജിയിലെ ഉത്തരവായിരുന്നു ഇത്. തർക്കം നീണ്ടതോടെ പ്രതിഷേധക്കാരുടെ ദൃശ്യങ്ങൾ പോലീസ് മൊബൈലിൽ പകർത്തി.
നൂറനാട് പടനിലത്ത് ഉൾപ്പെടെയാണ് നാട്ടുകാർ വൻ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. കെ – റെയിൽ ഉദ്യോഗസ്ഥർ പദ്ധതിപ്രദേശങ്ങൾ സന്ദർശിക്കാൻ എത്തിയതോടെയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. കെ. റെയിൽ വേണ്ടെന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചവരെ പോലീസുകാർ ബലം പ്രയോഗിച്ച് വാഹനങ്ങൾക്ക് മുൻപിൽ നിന്ന് നീക്കി. വനിതകളെ ഉൾപ്പെടെ കസ്റ്റഡിൽ എടുത്തു സ്റ്റേഷനിലേക്ക് മാറ്റി. ചെറിയ തോതിൽ ലാത്തിപ്രയോഗവും നടത്തി.
കൃഷി മന്ത്രി പി. പ്രസാദിന്റെ വീടിന് സമീപമാണ് പ്രതിഷേധങ്ങൾ ഉയരുന്നത്. എന്നിട്ടും വിഷയത്തിൽ മന്ത്രി ഇടപെട്ടിട്ടില്ല. ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും നാട്ടുകാർക്ക് അനുകൂലമായ തീരുമാനം ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി സമരമുഖത്തുണ്ട്.
മന്ത്രി സജി ചെറിയാന്റെ സ്ഥലമായ ചെങ്ങന്നൂരിലും കെ-റെയിലിനെതിരെ വ്യാപക പ്രതിഷേധമുണ്ട്.വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.
Comments