കണ്ണൂർ: ജയകൃഷ്ണൻ മാസ്റ്റർ കൊല്ലപ്പെട്ട് 22 വർഷം കഴിയുമ്പോൾ കേരളത്തിൽ പതിനായിരം ജയകൃഷ്ണൻ മാസ്റ്റർമാർ ഉണ്ടായിരിക്കുന്നുവെന്ന് തമിഴ്‌നാട് ബിജെപി സംസ്ഥാന അദ്ധ്യക്ഷ അണ്ണാമലൈ കുപ്പുസ്വാമി. 1999 ഡിസംബർ 1 രാവിലെ സ്‌കൂളിനുള്ളിൽ വെച്ച് കമ്യൂണിസ്റ്റുകാർ അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തി. ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മുന്നിൽ വെച്ച് ഏഴ് പേർ ചേർന്നാണ് ജയകൃഷ്ണൻ മാസ്റ്ററെ കൊലപ്പെടുത്തിയത്. സാക്ഷി പറഞ്ഞാൽ നിങ്ങളെയും കൊല്ലും എന്ന് ബോർഡിൽ എഴുതിവെച്ചിട്ടാണ് അക്രമികൾ പോയത്. 22 വർഷങ്ങൾക്ക് ശേഷം കണ്ണൂരിൽ പതിനയ്യായിരം ജയകൃഷ്ണൻ മാസ്റ്റർമാർ ഉണ്ടായിരിക്കുന്നു. ജയകൃഷ്ണൻ മാസ്റ്ററുടെ ശരീരം മാത്രമാണ് ഇല്ലാതായത് എന്നും അദ്ദേഹത്തിന്റെ അത്മാവ് ഇന്ന് പതിനായിരം പേരായി ഇവിടെ നിൽക്കുന്നുണ്ടെന്നും അണ്ണാമലൈ കുപ്പുസ്വാമി പറഞ്ഞു. കണ്ണൂരിൽ ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂരിൽ ഹിന്ദുത്വത്തെ വിതക്കാനും ബിജെപിയെ വളർത്താനും ശ്രമിച്ചതിനാണ് ജയകൃഷ്ണൻ മാസ്റ്ററെ കൊലപ്പെടുത്തിയത്. അത് ഭീരുത്വമായിരുന്നു. കേരളത്തിൽ ഒരു ബിജെപി നേതാവ് മുഖ്യമന്ത്രി സ്ഥാനത്ത് എത്തുമ്പോൾ ആദ്യം ചെയ്യുന്നത് ജയകൃഷ്ണൻ മാസ്റ്ററിർ കൊല്ലപ്പെട്ട സ്‌കൂളിന് അദ്ദേഹത്തിന്റെ പേര് നൽകുക എന്നതായിരിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂരിൽ ബിജെപിക്ക് പാർട്ടിക്ക് വേണ്ടി ഒരാൾ എത്രമാത്രം പ്രവർത്തിക്കുന്നുണ്ടെന്ന് മനസിലാക്കണമെങ്കിൽ അവരുടെ ദേഹത്തെ വെട്ടുകൾ ശ്രദ്ധിച്ചാൽ മതിയാകും. കണ്ണൂരിലേതു പോലെ ലോകത്ത് എവിടെയും ഇത്രയധികം രാഷ്‌ട്രീയ കൊലപാതകങ്ങൾ നടന്നിട്ടുണ്ടാകില്ല. 1969 ലെ വാടിക്കൽ രാമകൃഷ്ണനെ കൊലപ്പെടുത്തി. ആ കേസിലെ പ്രതി ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ഇന്ന് വരെ കണ്ണൂരിൽ മാത്രം 87 ബലിദാനികൾ തങ്ങളുടെ ജീവൻ നാടിന് വേണ്ടി സമർപ്പിച്ചു. കേരളത്തിൽ മുഴുവനായി 266 സംഘപരിവാർ പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുളള സംഭവങ്ങൾ ലോകത്ത് എവിടെയും ഉണ്ടായിട്ടുണ്ടാവില്ല.
നവംബർ 15 ന് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയത് രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ബൈക്കിൽ പോകുമ്പോൾ അക്രമികൾ വന്ന് അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തുകയാണ് ചെയ്തത്. എന്നാൽ കമ്യൂണിസ്റ്റ് പാർട്ടി അതിനെ റോഡ് അപകടമാക്കി മാറ്റാൻ ശ്രമിച്ചു. ഇന്ത്യയിൽ എന്ത് നടന്നാലും ചർച്ച ചെയ്യുന്ന കേരളത്തിലെ മാദ്ധ്യമങ്ങൾ സഞ്ജിത്തിന്റെ കൊലപാതകത്തിൽ മൗനം പാലിക്കുന്നു.
കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിയോജക മണ്ഡലത്തിലാണ് ഏറ്റവുമധികം അക്രമങ്ങൾ നടക്കുന്നത്. എല്ലാ മാസവും ഇവിടെ ഓരോ പ്രശ്‌നങ്ങൾ നടക്കാറുണ്ട്. ഇതിനെല്ലാം പിന്തുണ നൽകുന്നത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം അക്രമങ്ങൾ നടത്തുന്ന കുറ്റവാളികളെ പോലും പിടികൂടാൻ സാധിക്കുന്നില്ല. സർക്കാർ എല്ലാവരേയും സംരക്ഷിക്കുകയാണ്. അതിനാൽ കമ്യൂണിസ്റ്റ് പാർട്ടിയെ തുടച്ചുനീക്കുക എന്നത് മാത്രമാണ് ഇനി നാം ചെയ്യേണ്ടത് എന്നും അണ്ണാമലൈ വ്യക്തമാക്കി. കേരളത്തിൽ നടന്നത് പോലും രാജ്യത്ത് എവിടെയും ഇത്രയധികം അഴിമതി നടന്നിട്ടില്ല. രാജ്യത്തിന്റെ അഴിമതിയുടെ തലസ്ഥാനമാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ണിൽ വീഴുന്ന ഓരോ രക്തത്തുള്ളിയിൽ നിന്നും രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാൻ സജ്ജരായ ആയിരക്കണക്കിന് സഹോദരങ്ങളാണ് ജനിക്കുന്നത്. കേരളത്തിലെ ബിജെപി നേതാക്കളെ കണ്ട് പഠിക്കാനാണ് താൻ തമിഴ്‌നാട്ടിലെ പാർട്ടി പ്രവർത്തകരോട് പറയാറുള്ളത്. ഓരോ തവണ കേരളത്തിൽ വരുമ്പോഴും താൻ കൂടുതൽ അറിവ് നേടുന്നുണ്ട്. കേരളത്തിൽ നിന്നും ലഭിക്കുന്നത് മികച്ച ആത്മവിശ്വാസമാണെന്നും അദ്ദേഹം വ്യക്തമാക്കി.
















Comments