കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ അറസ്റ്റിലായ അഞ്ച് സിപിഎം പ്രവർത്തകരെ ഇന്ന് എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കും. കാസർകോട് നിന്ന് അറസ്റ്റിലായ പ്രതികളെ പുലർച്ചെയോടെയാണ് കൊച്ചിയിലെത്തിച്ചത്. റിമാൻഡ് ചെയ്ത ശേഷം പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് സിബിഐ ഒരുങ്ങുന്നത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജു, കൂട്ടുപ്രതികളായ സുരേന്ദ്രൻ, ശാസ്താ മധു, ഹരിപ്രസാദ്, റെജി വർഗീസ, വിഷ്ണു സുര എന്നിവരാണ് അറസ്റ്റിയായത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്തുന്നതിന് ഗൂഢാലോചന നടത്തിയത് ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ സി.ബി.ഐ ചുമത്തിയിരിക്കുന്നത്.
കൊലപാതകത്തിലെ ഗൂഢാലോചനയിൽ പ്രതികൾക്ക് പങ്കുണ്ട് എന്നതടക്കമുള്ള വിവരങ്ങൾ തെളിഞ്ഞതിനെ തുടർന്നാണ് സിബിഐയുടെ നീക്കം. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിൽ സിബിഐ അന്വേഷണം നടത്തണമെന്ന ഉത്തരവ് കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവച്ചത്. സിബിഐ അന്വേഷണം വേണ്ടെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം തള്ളിയായിരുന്നു കോടതി ഉത്തരവ്.
2019 ഫെബ്രുവരി 17നാണ് കാസർകോട് പെരിയ കല്ല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ് (21), ശരത്ലാൽ (24) എന്നിവരെ വിവിധ വാഹനങ്ങളിലായെത്തിയ സംഘം ബൈക്കു തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം ഏരിയ, ലോക്കൽ സെക്രട്ടറിമാരും പാർട്ടി പ്രവർത്തകരും ഉൾപ്പെടെ 14 പേരാണ് കേസിൽ പ്രതികൾ. സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ.പീതാംബരനാണ് ഒന്നാം പ്രതി.
















Comments