ലണ്ടൻ: ഒമിക്രോൺ വകഭേദത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള ചർച്ചയിലാണ് ലോകം. പുതിയ കൊറോണ വൈറസ് വകഭേദം ദക്ഷിണാഫ്രിക്കയിൽ വെച്ചാണ് ആദ്യം സ്ഥിരീകരിച്ചതെങ്കിലും വൈറസിന്റെ പ്രഭവകേന്ദ്രം യൂറോപ്പിൽ നിന്നാണെന്ന വാദങ്ങൾ കൂടുതൽ ശക്തിപ്പെടുകയാണ്.
ലോകത്ത് ആദ്യമായി ഒമിക്രോൺ ഔദ്യോഗികമായി സ്ഥിരീകരിച്ച വ്യക്തികളിലൊന്ന് ഒരു ഡോക്ടറാണ്. കാർഡിയോളജിസ്റ്റായ ഡോ. ഇലാദ് മൗർ. തേൽ അവീവിലെ ഷേബ മെഡിക്കൽ സെന്ററിലെ ആരോഗ്യവിദഗ്ധനാണ്. ഇദ്ദേഹത്തിന് ലണ്ടനിൽ നിന്നാണ് ഒമിക്രോൺ പിടിപ്പെട്ടതെന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
1,200ലധികം ആരോഗ്യ വിദഗ്ധരെത്തിയ മെഡിക്കൽ കോൺഫറൻസിൽ പങ്കെടുക്കാൻ നവംബറിലാണ് ഡോക്ടർ ലണ്ടനിലെത്തിയത്. 19ന് ലണ്ടനിൽ ചെന്ന ഡോക്ടർ, ഇസ്ലിങ്ടണിലെ ഹോട്ടലിൽ നാല് ദിവസം താമസിച്ചു. ഇതിന് ശേഷം 23ന് ഇസ്രായേലിലേക്ക് തിരിച്ചു. ലക്ഷണങ്ങൾ അനുഭവപ്പെടാൻ തുടങ്ങിയതോടെ പരിശോധന നടത്തി. 27ന് ഫലം വന്നപ്പോൾ പോസിറ്റീവായി. ലണ്ടനിൽ നിന്ന് തന്നെയാണ് തനിക്ക് രോഗം പിടിപെട്ടതെന്ന് ഉറപ്പിച്ച് പറയുകയാണ് ഡോക്ടർ. ഈ നിഗമനം ശരിയാണെങ്കിൽ ഒരുപക്ഷേ ആദ്യം ഒമിക്രോൺ ഉത്ഭവിച്ചത് യൂറോപ്പിലാണെന്ന് വിലയിരുത്തേണ്ടതായി വരും.
അതേസമയം ഉറവിടത്തെക്കുറിച്ച് ആശയക്കുഴപ്പം നിലനിൽക്കെ നെതർലാൻഡ്‌സും സംശയത്തിന്റെ നിഴലിൽ നിന്നിരുന്നു. നൈജീരിയയിലാണ് ആദ്യം ഒമിക്രോൺ സാന്നിദ്ധ്യമുണ്ടായതെന്ന വെളിപ്പെടുത്തലും ഇതിനിടയിൽ വന്നു. ദക്ഷിണാഫ്രിക്കയിൽ നവംബർ 24ന് ഒമിക്രോൺ സ്ഥിരീകരിക്കുന്നതിന് മുമ്പ് ലോകത്തെ പലയിടങ്ങളിലും പുതിയ വകഭേദം ബാധിച്ചവരുടെ സാമ്പിളുകൾ ശേഖരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവയുടെ പരിശോധനാഫലം 24ന് ശേഷമാണ് വന്നതെന്നിരിക്കെയാണ് ഉത്ഭവസ്ഥാനത്തെക്കുറിച്ച് ആശങ്കകൾ നിലനിൽക്കുന്നത്.
















Comments