കൊച്ചി: പുരാവസ്തു തട്ടിപ്പുകാരനായ മോൻസൻ മാവുങ്കലിന്റെ കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പോലീസിന്റെ പീഡനത്തിനെതിരെ മോൻസന്റെ ഡ്രൈവർ അജി നൽകിയ കേസ് തീർപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടി സർക്കാർ സമർപ്പിച്ച അപേക്ഷയിന്മേലാണ് കോടതിയുടെ വിമർശനം. സർക്കാരിന്റെ ഹർജി നിയമപരമല്ലെന്നും നിലനിൽക്കുന്നതല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. മോൻസന്റെ കേസിൽ ഹൈക്കോടതി ഇടപെടലുകളെ വിമർശിക്കുന്ന സർക്കാർ അപേക്ഷയിലാണ് സിംഗിൾ ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചത്.
കേസുമായി ബന്ധപ്പെട്ട് ഇത്തരമൊരു ആവശ്യമുന്നയിച്ച എഡിജിപി ശ്രീജിത്തിന്റെ ഹർജി തള്ളുകയാണെന്നും യഥാർത്ഥത്തിൽ പിഴയോടെ തള്ളുകയാണ് വേണ്ടിയിരുന്നതെന്നും കോടതി വിമർശിച്ചു. പോലീസ് പീഡനത്തിന് ഇരയായെന്ന അജിയുടെ ഹർജി തീർപ്പാക്കണമെന്ന് പറയാൻ പോലീസിനോ സർക്കാരിനോ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. പോലീസുകാർക്കെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങൾ തീർപ്പാക്കണമെന്ന് ആവശ്യപ്പെടുന്നത് പോലും എന്ത് അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു.
അതേസമയം കാര്യങ്ങൾ അവതരിപ്പിക്കാൻ കോടതി സമ്മതിക്കുന്നില്ലെന്ന മറുപടിയാണ് സർക്കാരിന് വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നൽകിയത്. കേസിലെ വാദങ്ങൾ ഉന്നയിക്കാൻ ശ്രമിക്കുമ്പോൾ കോടതി തുടർച്ചയായി ഇടപെടുന്നുവെന്നും കൃത്യമായി വാദങ്ങൾ അവതരിപ്പിക്കാൻ കഴിയുന്നില്ലെന്നും ഡിജിപി ചൂണ്ടിക്കാട്ടി.
ഇതോടെ കടുത്ത വിമർശനമാണ് ഹൈക്കോടതി നടത്തിയത്. ആരോപണം ഉന്നയിക്കുന്നത് കോടതിക്ക് നേരെയാണെന്ന് ഓർക്കണമെന്നും കോടതിയുടെ വായ്മൂടി കെട്ടാനാണോ ആവശ്യപ്പെടുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. അജി നൽകിയ ഹർജി വിശദമായി കേട്ടതിന് ശേഷമേ തീർപ്പാക്കൂവെന്ന് കോടതി വ്യക്തമാക്കി.
















Comments