ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത… ഇടിമിന്നലിന് സാധ്യത…മഴമുന്നറിയിപ്പിൽ മാറ്റം… ഇങ്ങനെ ഓരോ ദിവസവും നമ്മൾ ആകെ മൊത്തം കൺഫ്യൂസ്ട് വെതർ അപ്‌ഡേഷനാണ് കേട്ടുകൊണ്ടിരിക്കുന്നത്. നമ്മൾ ഇങ്ങനെ കൺഫ്യൂഷൻ അടിച്ചിരിക്കുമ്പോൾ കർഷകരുടെ നെഞ്ചിൽ തീയാണ്.വെയിലിന് ഒന്ന് ചൂട് കൂടുമെന്നറിഞ്ഞാൽ..മഴയൊന്ന് കനക്കുമെന്നറിഞ്ഞാൽ കർഷകന്റെ ചങ്കിൽ തീയാളും…ലോകം ഇത്രയേറെ വളർച്ച കൈവരിച്ചിട്ടുണ്ടെന്ന് പറയുമ്പോവും മനുഷ്യന്റെ അന്നമൂട്ടുന്ന കൃഷിക്കാര്യത്തിൽ ആർക്കും ഒന്നും പ്രവചിക്കാൻ ഇന്നുമായിട്ടില്ല.മോശം തന്നെ….പക്ഷേ, അങ്ങനെയൊരു കാലമുണ്ടാകുമെന്ന് നമുക്ക് ഇനി ഉറപ്പിക്കാം. ആ പ്രതീക്ഷ തരുന്നതാവട്ടെ ഒരു മലയാളിയും. കരിമ്പനകളുടെ നാടായ പാലക്കാട്ടെ കുമരനെല്ലൂർ ഗ്രാമത്തിൽ നിന്ന് ലോകത്തിന് പ്രതീക്ഷ സമ്മാനിക്കുന്ന ഡോ. ശ്രുതി നാരായണനാണ് അത്. കുറച്ചു കാലം കൂടി കഴിയുമ്പോൾ ലോകം കുമരനെല്ലൂരിനെ അടയാളപ്പെടുത്തുക ഡോ. ശ്രുതി നാരായണന്റെ നാടായിക്കൂടിയാകും.
അമേരിക്കയിലെ യുവ ശാസ്ത്രജ്ഞർക്കുള്ള പരമോന്നത ബഹുമതികളിലൊന്നായ ക്രോപ്പ് സയൻസ് സൊസൈറ്റി ഓഫ് അമേരിക്കയുടെ ഈ വർഷത്തെ പുരസ്‌കാരം നേടിയിരിക്കുകയാണ് ശ്രുതി.ഈ അഭിമാന നേട്ടത്തിന് അർഹയായത് ഒരൊറ്റ ചോദ്യത്തിന് ഉത്തരം നൽകിയാണ് ഏതാണാ ചോദ്യം എന്നും സ്രുതി അതിന് നൽകിയ ഉത്തരമെന്താണെന്നും അറിയാം…
എങ്ങനെയുണ്ടാകും വെയിലത്തു വാടാത്ത കൃഷി?വിതയും കൊയ്‌ത്തും തുടങ്ങിയ കാലം മുതൽ പാടത്തിറങ്ങുന്ന ഓരോരുത്തരും ഉള്ളിൽ ചോദിച്ചിട്ടുണ്ടാകും ഈ ചോദ്യം. ചാലു കീറിയും കനാൽ വെള്ളം കാത്തും പാടത്തെ നെൽചെടിക്കൊപ്പം വിട്ട പാതി മനസുമായാണ് ഓരോ കർഷകരും ജീവിക്കുക.കാലാവസ്ഥാ വ്യതിയാനം കൃഷിയെ വലിയ തോതിൽ ബാധിക്കുക താപനിലയിലാണ്. എപ്പോൾ ചൂടു കൂടുമെന്ന് പറയാനാകില്ല. പിന്നെ നെല്ലിനും ഗോതമ്പിനും എന്നുവേണ്ട, കാർഷിക വിളകൾക്ക് എന്തു സംഭവിക്കുമെന്നും പ്രവചനാതീതം തന്നെ.
വേനലിന്റെ ആഘാതം മനുഷ്യനിൽ സൂര്യാഘാതമാകുമ്പോൾ ചെടികളിൽ അത് ഉഷ്ണാഘാതമാകും. സസ്യങ്ങളുടെ കോശങ്ങൾ നശിക്കും. അത് വിളവു കുറയ്‌ക്കും. നൂറുമേനി സ്വപ്നം കണ്ടു വിതച്ചവർ കൊയ്യാൻ നഷ്ടക്കണക്കു ബാക്കിയാകും. കൃഷിയുടെ അടിസ്ഥാനപരമായ പ്രശ്നമാണ് ഇത്.കാലമേറെയായി ഇതിനൊരു പരിഹാരം തേടാൻ പാടത്തും ലാബിലും തലപുകച്ചിരുന്ന് ഗവേഷകർ ആലോചിച്ചു തുടങ്ങിയിട്ട്. അതിനി അധികം കാലം വേണ്ടിവരില്ല. ഈയൊരു പ്രശ്നത്തിന്റെ പരിഹാരം കാണാൻ സസ്യ കോശങ്ങളിലെ ജനിതകം തന്നെയങ്ങു ഡോ. ശ്രുതി മാറ്റിയെഴുതി. സസ്യ കോശങ്ങളിലെ ലിപ്പിഡുകളെക്കുറിച്ചുള്ള പഠനമാണ് കൃഷിയിലെ ജനിതക വിപ്ലവത്തിലേക്ക് ശ്രുതിയെ എത്തിച്ചത്. ഉയർന്ന ചൂടിനെ പ്രതിരോധിക്കാൻ സസ്യങ്ങളിലെ ജീവശാസ്ത്ര പ്രതിഭാസമായ ലിപ്പിഡ് മെറ്റബോളിസത്തെ എങ്ങനെ പുതുക്കാമെന്നു പഠിച്ചു. അത് ലാബിലും പാടത്തുമായി പരീക്ഷിച്ചു.
ചില സസ്യങ്ങൾ ഈ പ്രവർത്തനങ്ങൾ തനിയെ ചെയ്യും. അതായത് ചൂടിനെ മറികടന്ന് ജീവസുറ്റതായി നിൽക്കാൻ അവയ്‌ക്കും കഴിയും. എന്നാൽ ചിലത് അങ്ങനെയല്ല. ചൂടേറിയാൽ വാടും, കരിയും. ഇതിനെ മറികടക്കുന്ന സസ്യങ്ങളിലെ ജീൻ ഏതാണെന്നു കണ്ടുപിടിക്കലായിരുന്നു ശ്രുതിയുടെ ആദ്യ ശ്രമം. അതിൽ വിജയം. അതോടെ, കാർഷിക ലോകത്തിന്റെ തലവര മാറ്റിയെഴുതാനുള്ള യാത്രയുടെ ആദ്യ കടമ്പ കടന്നു. 2012-ലായിരുന്നു അത്. ലിപ്പിഡ് റിലേറ്റഡ് ഹീറ്റ് ടോളറൻസ് ബ്രീഡിംഗ് എന്ന് ശാസ്ത്രീയമായി വിളിച്ച കൃഷിവിദ്യയ്‌ക്ക് തുടക്കം കുറിച്ചു. ഉഷ്ണത്തെ മറികടക്കാൻ കഴിയുന്ന ജീൻ എല്ലാ സസ്യങ്ങളിലും ഉപയോഗിക്കാനാകുമോ എന്നായി തുടർപഠനം. ഏതാണ്ട് അഞ്ചുവർഷമെടുത്തു ഈ ഘട്ടമെത്താൻ. പന്ത്രണ്ടോ പതിനഞ്ചോ വർഷമെടുക്കുന്ന ഗവേഷണത്തിന്റെ അടുത്ത ഘട്ടം കൂടി ഇതോടെ കടന്നു. ജനിതക പ്രവർത്തനം എന്താണെന്ന് കണ്ടെത്തിയ സ്ഥിതിക്ക് ഗവേഷണം ആ നിലയ്‌ക്കു മുന്നേറി.
കാലാവസ്ഥ എന്തായാലും കർഷകർക്ക് മനസിൽ വിചാരിച്ച വിളവു കിട്ടണം. അതു മാത്രമായിരുന്നു ഇക്കാലങ്ങളിലെല്ലാം ഡോ. ശ്രുതിയുടെ സ്വപ്നം. ഒരുതരത്തിൽ പറഞ്ഞാൽ ലോകം കാലാകാലങ്ങളായി കണ്ട സ്വപ്നം തന്നെയാണ് അത്. വേനലെത്ര കനത്താലും തൊണ്ടയെത്ര വരണ്ടാലും പാടത്തിറങ്ങുന്ന പച്ചമനുഷ്യന്റെ ചുണ്ടിൽ ചിരിയുണ്ടാകണമെന്നു ശ്രുതി വീട്ടിലും ലാബിലും പാടത്തുമെല്ലാമുള്ളപ്പോൾ ചിന്തിച്ചു. പല സസ്യങ്ങൾക്കും സ്വയമേ വരൾച്ചയെ മറികടക്കാൻ കഴിയുമെന്ന കണ്ടെത്തൽ കൂടുതൽ ആഴത്തിൽ പഠിച്ചു. വേരുകളുടെ പ്രത്യേകതയാണ് ഇതിനു വഴിവയ്‌ക്കുന്നതെന്നു കണ്ടെത്തി. റൂട്ട് ആർക്കിടെക്ചറിലെ പ്രത്യേകതകൾ പഠിച്ചതോടെ ജനിതക നവീകരണം എങ്ങനെ വേണമെന്ന കാര്യത്തിൽ ധാരണയായി. അതുതന്നെയായിരുന്നു വർഷങ്ങൾ നീണ്ട ഗവേഷണത്തിന്റെ ഗതി മാറ്റിയ തിരിച്ചറിവ്. വേരുകളുടെ ആഴവും വളർച്ചയുമൊന്നും കാര്യമല്ലെന്ന് 2018ൽ തിരിച്ചറിഞ്ഞു.
ചില സസ്യങ്ങൾ മണ്ണ് വരണ്ടു തുടങ്ങുമ്പോഴേ കാര്യം തിരിച്ചറിയും. അവ വേരുകൾ അതിജീവനത്തിനായി ഒരുക്കും. വേരുകളുടെ എല്ലാ ഭാഗവും സസ്യത്തിന് എപ്പോഴും ആവശ്യമില്ലാത്തതാണ്. ആവശ്യമുള്ള വേരുകൾ വേണ്ടപോലെ പ്രവർത്തിക്കും. സസ്യത്തിന് വളരാനാവശ്യമായ വെള്ളം ഇവ കണ്ടെത്തും. ഈ തിരിച്ചറിവായിരുന്നു ഗവേഷണത്തിൽ പിന്നിട്ട അടുത്ത നാഴികക്കല്ല്. സസ്യങ്ങൾക്ക് പാരമ്പര്യമായി കിട്ടുന്ന ജനിതകമുണ്ട്. അതിൽ വരുത്തുന്ന പുതുക്കലുകളിലൂടെ ഉണങ്ങിവീഴാത്ത കൃഷിക്കാലം സൃഷ്ടിക്കാമെന്ന് ഇതോടെ ഉറപ്പായി. ഇന്ത്യയിലെപ്പോലെയല്ല അമേരിക്കയിൽ. വലിയ വിസ്തൃതിയുള്ള പാടങ്ങളിലാണ് കൃഷി. എല്ലാത്തിനും സാങ്കേതിക വിദ്യയെ ആശ്രയിക്കുന്ന കർഷകർക്ക് കൃഷിയിലെ ഈ പുതിയ മാറ്റത്തിനും സാങ്കേതികത്വം ഒരുക്കണം. ഒറ്റയായും സംഘമായും കൃഷിചെയ്യുന്നവരോടൊപ്പം രാപകലില്ലാതെ പാടങ്ങളിൽ ചെലവഴിച്ചാണ് ശ്രുതി പരിഹാരം കണ്ടത്.
പരമ്പരാഗത മാർഗങ്ങൾ ആശ്രയിക്കുന്ന കർഷകരും അമേരിക്കയിലുണ്ട്. അവർക്കും ഉണക്കമില്ലാത്ത കൃഷിക്കാലം നൽകണമെന്ന് ശ്രുതി തീരുമാനിച്ചു. ഈ ജനിതക നവീകരണത്തിന്റെ നാഴികക്കല്ലുകൾ ഓരോന്നു പിന്നിട്ട് സ്വപ്നം സഫലമാകുമെന്ന വലിയ പ്രതീക്ഷയിൽ തന്നെയാണ് ശ്രുതിയിപ്പോൾ. അതിന് അമേരിക്ക യുവ ശാസ്ത്രജ്ഞർക്കുള്ള പരമോന്നത ബഹുമതി കൂടി നൽകിയപ്പോൾ നമുക്കു ചിന്തിക്കാവുന്നതേയുള്ളൂ, ഈ കുമരനെല്ലൂരുകാരി ഇനിയുള്ള കാലത്ത് ലോകത്തിന്റെ ജാതകം എങ്ങനെയാണ് മാറ്റിയെഴുതുക എന്നത്. നെല്ലിലും ഗോതമ്പിലും മാത്രമല്ല, പരുത്തിയിലും കടലയിലും തിനയിലും എല്ലാം ശ്രുതി സ്വപ്നം കാണുന്ന വിപ്ലവം യാഥാർഥ്യമാകുന്ന കാലം വരുന്നത് നമുക്ക്..കാത്തിരിക്കാം.. വെബ് ഡെസ്‌ക് ജനം ടിവി ഡോട് കോം.















Comments