തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് (കെ.എ.എസ്) ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശമ്പളം 81,800 രൂപയായി നിശ്ചയിച്ചതിനെതിരെ വിമര്‍ശനവുമായി അഖിലേന്ത്യ സര്‍വീസ് ഉദ്യോഗസ്ഥര്‍. മന്ത്രിസഭാ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഐഎഎസ് ഓഫീസേഴ്‌സ് അസോസിയേഷനും, ഐപിഎസ്, ഐഎഫ്എസ് അസോസിയേഷനുകളുടെ കേരള ഘടകവും മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.
മന്ത്രിസഭ അംഗീകാരം നല്‍കിയ ശമ്പളനിരക്ക് ജില്ലാതലങ്ങളിലെ അധികാര ക്രമത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പരാതിയില്‍ പറയുന്നു. മന്ത്രിസഭാ തീരുമാനം ഉത്തരവായി ഇറങ്ങുന്നതിന് മുന്‍പ് തന്നെ സര്‍ക്കാര്‍ ഇടപെട്ട് തീരുമാനം പിന്‍വലിക്കണമെന്നും ഐഎഎസ് അസോസിയേഷന്‍ നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നു. നിലവിലെ സ്ഥിതിയനുസരിച്ച് കെഎഎസ് ഉദ്യോഗസ്ഥര്‍ ഭാവിയില്‍ മേലുദ്യോഗസ്ഥരായ ഐഎഎസുകാരെക്കാള്‍ ഉയര്‍ന്ന ശമ്പളം കൈപ്പറ്റുന്ന സ്ഥിതിയും വരും. ഈ അപാകത അധികാരശ്രേണിയില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
അടിസ്ഥാന ശമ്പളത്തിന് പുറമെ അനുവദനീയമായ ഡി.എ, എച്ച്.ആര്‍.എ എന്നിവയും 10% ഗ്രേഡ് പേയും കെ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് അനുവദിക്കും. ട്രെയിനിംഗ് കാലയളവില്‍ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ച 81,800 രൂപ കണ്‍സോളിഡേറ്റഡ് തുകയായി അനുവദിക്കും മുന്‍സര്‍വ്വീസില്‍ നിന്നും കെ.എ.എസില്‍ പ്രവേശിക്കുന്നവര്‍ക്ക് പരിശീലന കാലയളവില്‍ അവസാനം ലഭിച്ച ശമ്പളമോ 81,800 രൂപയോ ഏതാണോ കൂടുതല്‍ അത് അനുവദിക്കും. 18 മാസത്തെ പരിശീലനമാണ് ഉണ്ടാവുക.
കെ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് സെക്രട്ടേറിയറ്റിലെ അണ്ടര്‍ സെക്രട്ടറി (ഹയര്‍ഗ്രേഡ്) തസ്തികയുടെ ശമ്പളം അനുവദിക്കാനായിരുന്നു നേരത്തേ ആലോചിച്ചിരുന്നത്. എന്നാല്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ ഇതിനെ എതിര്‍ത്തിരുന്നു. അണ്ടര്‍ സെക്രട്ടറി ഹയര്‍ഗ്രേഡിന്റെ ശമ്പള സ്‌കെയില്‍ 95,600- 1,53,200 ഉം ആദ്യമായി അണ്ടര്‍സെക്രട്ടറി തസ്തികയിലെത്തുന്നവരുടെ സ്‌കെയില്‍ 63,700- 1,23,700ഉം ആണ്. ഇത് രണ്ടിനും ഇടയിലായാണ് കെ.എ.എസുകാരുടെ അടിസ്ഥാന ശമ്പളം നിശ്ചയിച്ചിരിക്കുന്നത്.
















Comments