ചരിത്രം വർത്തമാന കാലത്തോട് സംസാരിക്കുന്നത് പ്രധാനമായും സ്മാരകങ്ങളിലൂടെയാണ്. കെട്ടിടങ്ങൾ, ശിൽപങ്ങൾ, കോട്ടകൾ ,റോഡുകൾ, നാണയങ്ങൾ, ഉദ്യാനങ്ങൾ, ഗ്രന്ഥങ്ങൾ തുടങ്ങി നാഗരികതയുടെ ശേഷിപ്പുകളൊന്നും വെറും ‘വസ്തു’ക്കളോ നോക്കുകുത്തികളോ അല്ല. തുടിക്കുന്ന ഹൃദയമുള്ള, ജീവസ്സുറ്റ അടയാളക്കുറികളാണവ. സ്മാരകങ്ങൾ കൊണ്ട് സമ്പന്നമാണ് ഭാരതം. ഇന്ത്യയുടെ ചരിത്രം ഓരോ സ്മാരകങ്ങളിലും മായാതെ ഇന്നും നിലനിൽക്കുന്നു.ഇന്ത്യയുടെ ഭരണ സിരാകേന്ദ്രമായ ഡൽഹിയിലും ഇങ്ങനെ നിരവധി സ്മാരകങ്ങളുണ്ട.് അതിലൊന്നാണ് പല ചരിത്ര സംഭവങ്ങൾക്കും സാക്ഷിയായ ചെങ്കോട്ട…….
പതിനേഴാം നൂറ്റാണ്ടിൽ ചുവരുകളുടെ നഗരം എന്നറിയപ്പെട്ടിരുന്ന പഴയ ഡെൽഹിയിൽ മുഗൾ ഭരണാധികാരിയായിരുന്ന ഷാജഹാൻ ചക്രവർത്തി 1647 ൽ പണി കഴിപ്പിച്ച വിസ്തൃതമായ കോട്ടയാണ് ചുവപ്പു കോട്ട അഥവാ ചെങ്കോട്ട. പ്രൗഡിയുടെ, അധികാരത്തിന്റെ സമ്പന്നതയുടെ സമന്വയ രൂപം. ഭാരതത്തിന്റെ ചരിത്രത്താളുകളിൽ നിർണായകമായ സ്ഥാനമാണ് ചെങ്കോട്ടയ്‌ക്കുള്ളത്.
ചരിത്രത്തിലെ ഭരണാധികാരികളുടെ കൈകടത്തലുകൾ കൊണ്ട് നശിപ്പിക്കപ്പെട്ട സ്മാരകങ്ങളുടെ പട്ടികയിൽ ഒന്നാമത് നിൽക്കുന്ന ഒരിടം കൂടിയാണ് ഇത്. കാലത്തിന്റെ അടയാളങ്ങൾക്ക് കീഴ്പ്പെട്ട ഈ സ്മാരകം പക്ഷേ, സഞ്ചാരികളുടെ പ്രിയ ഇടം തന്നെയാണ്. നീണ്ട 9 വർഷം ആയിരക്കണക്കിന് തൊഴിലാളികൾ വിയർപ്പൊഴുക്കിയതിന്റെ ഫലമാണ് നാം ഇന്ന് കാണുന്ന ചെങ്കോട്ട. രണ്ടു കിലോമീറ്ററോളം വിസ്തൃതിയിൽ കിടക്കുന്ന ഈ കോട്ട യുനസ്‌കോയുടെ ലോക പൈതൃക സ്മാരകങ്ങളിലൊന്നു കൂടിയാണ്. ത്രിവർണകൊടി എപ്പോഴും ഉയർന്നിരിക്കുന്ന ഈ കോട്ടയുടെ മുകളിൽ നിന്നാണ് ഇന്ത്യൻ പ്രധാനമന്ത്രി സ്വതന്ത്ര്യദിനത്തിൽ ജനങ്ങലെ അഭിസംബോധന ചെയ്യുന്നത്. പുരാനി ദില്ലിയുടെ കേന്ദ്രഭാഗമായിരുന്നു ചെങ്കോട്ട. കോട്ടയുടെയും നഗരത്തിന്റെയും കിഴക്കുവശം യമുനാനദിയാണ്. പടിഞ്ഞാറുവശത്തുള്ള ലാഹോറിഗേറ്റ്, തെക്കുവശത്തുള്ള ഡെൽഹി ഗേറ്റ് എന്നീ രണ്ട് പ്രധാനപ്രവേശനകവാടങ്ങൾ കോട്ടക്കുണ്ട്. ഈ കവാടങ്ങളിൽ നിന്നുള്ള വഴികൾ ചെന്നെത്തുന്ന നഗരമതിലിലെ കവാടങ്ങൾക്കും ഇതേ പേരുകൾ തന്നെയാണ്.
യമുനയിലേക്കിറങ്ങുന്ന രാജ്ഘാട്ട് ഗേറ്റ് എന്ന കവാടവും കോട്ടക്കുണ്ട്. പടിഞ്ഞാറുവശത്തുള്ള ലാഹോറി ഗേറ്റ് ആണ് കോട്ടയുടെ പ്രധാനപ്രവേശനകവാടം. ഇതിനുശേഷം ഛത്ത ചൗക്ക് എന്ന ചന്തയും നോബത്ഖാന എന്ന വാദ്യസംഘക്കാരുടെ മന്ദിരവും കഴിഞ്ഞാൽ ചക്രവർത്തി സാധാരണ ജനങ്ങളെ അഭിസംബോധന ചെയ്തിരുന്ന ദിവാൻ ഇ-ആം എന്ന കെട്ടിടം കാണാം. ഇതിനും കിഴക്കുള്ള ചഹാർബാഗിനപ്പുറത്ത് കോട്ടയുടെ കിഴക്കേ അറ്റത്തുള്ള രംഗ് മഹൽ വരെയുള്ള കെട്ടിടങ്ങളെല്ലാം കിഴക്കുപടിഞ്ഞാറായി ഒറ്റവരിയിൽ നിൽക്കുന്നു. മുഗൾ കാലഘട്ടത്തിലെ കോട്ടയിലെ പ്രധാന രാജമന്ദിരങ്ങൾ, നദിയോട് ചേർന്ന് രംഗ് മഹലിനൊപ്പം ഒരു തട്ടിനുമുകളിൽ ഒറ്റ വരിയിൽ തെക്കുവടക്കായി നിലകൊള്ളുന്നു. ഷാ ബുർജ്, ഹീരാ മഹൽ, ഹമ്മം, ദിവാൻ ഇ ഖാസ്, ഖാസ് മഹൽ എന്നിവ രംഗ് മഹലിന് വടക്കുവശത്തും മുംതാസ് മഹൽ, രംഗ് മഹലിന് തെക്കുവശത്തും ഈ വരിയിൽ നിൽക്കുന്ന കെട്ടിടങ്ങളാണ്.
കോട്ടയിലെ മറ്റു കെട്ടിടങ്ങൾ ചുവന്ന മണൽക്കല്ലുകൊണ്ട് പൊതിഞ്ഞവയാണെങ്കിൽ ഈ വരിയിലുള്ള രാജകീയമന്ദിരങ്ങൾ വെണ്ണക്കല്ലിൽ തീർത്തവയാണ്. വടക്കുവശത്തുള്ള ഷാ ബുർജിൽ നിന്നാരംഭിക്കുന്ന ഒരു വെള്ളച്ചാൽ ഈ കെട്ടിടങ്ങൾക്കെല്ലാം അടിയിൽക്കൂടി ഒഴുകുന്നു. നഹർ-ഇ ബിഹിഷ്ട് അഥവാ സ്വർഗ്ഗീയധാര എന്നാണ് ഈ വെള്ളച്ചാൽ അറിയപ്പെടുന്നത്. ഈ കെട്ടിടങ്ങൾക്കു പുറമേ കോട്ടക്കകത്ത് വടക്കുകിഴക്കുഭാഗത്തായി ഹയാത്ത് ബക്ഷ് എന്ന പൂന്തോട്ടവും അതിൽ ചില നിർമ്മിതികളുമുണ്ട്….ഇങ്ങനെ നിരവധി സവിശേഷതകളാൽ ഡൽഹിയിൽ തല ഉയർത്തി നിൽക്കുന്ന ചെങ്കോട്ട, ഒരു ജനതയുടെ ഭൂതകാലത്തെ അടയാളപ്പെടുത്തുക മാത്രമല്ല, അവരെ വർത്തമാനത്തിൽ ഉറപ്പിച്ചുനിർത്തുകയും ഭാവിയിലേക്ക് കുതിച്ചുചാടാനുള്ള കരുത്ത് നൽകുകയും ചെയ്യുന്നു















Comments