കൊച്ചി : സ്കൂൾ ലൈബ്രറിയിലേയ്‌ക്ക് പുസ്തകങ്ങൾ വാങ്ങി നൽകാമോയെന്ന് ചോദിച്ച് കുരുന്നുകൾ എഴുതിയ കത്ത് സമൂഹ മാദ്ധ്യമത്തിൽ പങ്ക് വച്ച് സന്ദീപ് വാര്യർ .
ചെത്തല്ലൂർ എൻ.എൻ.എൻ.എം.യു.പി സ്‌കൂളിൽ ഒന്നാം ക്ലാസ് പഠിക്കുന്ന വിദ്യാർത്ഥികളാണ് പുസ്തകം വേണമെന്ന ആവശ്യവുമായി കത്ത് എഴുതിയത് . അത് തന്റെ വിദ്യാലയമാണ് , ഒപ്പം തന്റെ ‘അമ്മ അദ്ധ്യാപികയായും പ്രധാനാദ്ധ്യാപികയായും വിരമിക്കുന്നത് വരെ ജീവിതത്തിന്റെ നല്ല ഭാഗം ജോലി ചെയ്ത സ്‌കൂളാണതെന്നും സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു .
ഇക്കഴിഞ്ഞ ദിവസം സ്‌കൂളിലെ രണ്ടു വിദ്യാർത്ഥികൾ എഴുതിയ പോസ്റ്റ് കാർഡുകൾ ലഭിക്കുകയുണ്ടായി . ലൈബ്രറിയിലേക്ക് പുസ്‌തകങ്ങൾ നൽകാമോ എന്ന് ചോദിച്ചായിരുന്നു ആ കത്തുകൾ . സന്തോഷം തോന്നി . ഉടൻ ഡിസി ബുക്സിൽ പോയി കുറച്ചു ബാലസാഹിത്യ പുസ്‌തകങ്ങൾ വാങ്ങി . നിഷ്കളങ്കമായ ആ കത്തുകൾ ലഭിച്ച വിവരവും പുസ്‌തകങ്ങൾ വാങ്ങിയ വിവരവും ഓർമ്മകളുടെ ചരടുകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അമ്മയെയും ധരിപ്പിച്ചു . അമ്മക്ക് സന്തോഷായി . കുറെ കാലത്തിനു ശേഷം അമ്മയുടെ മുഖത്ത് ചിരി കണ്ടു . നല്ല കാര്യം എന്ന് പതിയെ പറഞ്ഞു . രാവിലെ സ്‌കൂൾ പ്രധാനാദ്ധ്യാപകൻ ഉണ്ണികൃഷ്ണൻ മാസ്റ്ററുടെയും ജയശ്രി ടീച്ചറുടെയും സാന്നിധ്യത്തിൽ കത്തെഴുതിയ കുട്ടികളുടെ കൈവശം ലൈബ്രറിയിലേക്കുള്ള പുസ്‌തകങ്ങൾ നൽകി . കുട്ടികൾ വായിച്ചു വളരട്ടെ – ഇത്തരത്തിലാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് .
















Comments