ന്യൂഡൽഹി: ഒമിക്രോൺ ഭീതിയുടെ പശ്ചാത്തലത്തിൽ കൊറോണ പോസിറ്റിവിറ്റി നിരക്ക് കൂടിയ ക്ലസ്റ്ററുകളിൽ ആശങ്ക അറിയിച്ച് കേന്ദ്രസർക്കാർ.കേരളത്തിലെ 9 ജില്ലകൾ ഉൾപ്പടെ രാജ്യത്തെ 18 ജില്ലകളാണ് രോഗവ്യാപന നിരക്ക് കൂടുതൽ. ഇവിടങ്ങളിൽ 10 ശതമാനം വരെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കേരളത്തിൽ ഇന്നലെ 4995 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. രാജ്യത്ത് സ്ഥിരീകരിക്കുന്ന കൊറോണ ബാധിതരിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നാണെന്നത് കടുത്ത ആശങ്കയാണ് ഉണ്ടാക്കുന്നത്. തലസ്ഥാന നഗരമടക്കം കേരളത്തിലെ പല ജില്ലകളിലും 500 ന് മുകളിൽ ആണ് ദിനം പ്രതിദിനം രോഗ ബാധിതർ റിപ്പോർട്ട് ചെയ്യുന്നത്.
യുകെയിൽനിന്നെത്തിയ കോഴിക്കോട് സ്വദേശിയായ ആരോഗ്യപ്രവർത്തകന് രണ്ടാമത്തെ പരിശോധനയിലും കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.ആരോഗ്യ പ്രവർത്തകനുമായി അടുത്ത സമ്പർക്കമുണ്ടായിരുന്ന അമ്മയ്‌ക്കും കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സ്രവ സാമ്പിളുകളും ഉടൻ ജനിതക ശ്രേണി പരിശോധനക്കായി അയക്കും. ആരോഗ്യ പ്രവർത്തകനുമായി അടുത്ത് സമ്പർക്കത്തിൽ ഏർപ്പെട്ട മറ്റ് രണ്ട് പേർ കൂടി നിരീക്ഷണത്തിലാണ്. ആരോഗ്യ പ്രവർത്തകന്റെ സമ്പർക്ക പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.
രാജ്യത്ത് രണ്ടു പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നാണ് കേന്ദ്രസർക്കാർ നിർദ്ദേശം.പോസിറ്റീവ് സാമ്പിൾ ജനിതക ശ്രേണീകരണം നടത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
















Comments