അഹമ്മദാബാദ്: കൊറോണ വൈറസിന്റെ പുതിയ വകഭേദം ഒമിക്രോൺ ഗുജറാത്തിലും സ്ഥിരീകരിച്ചു. ജാം നഗർ സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 72 വയസുകാരനാണ് രോഗം ബാധിച്ചത്. ഇതോടെ ബംഗളൂരുവിലെ രണ്ട് കേസുകളടക്കം രാജ്യത്ത് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ ഒമിക്രോൺ ബാധയാണിത്. സിംബാബ്‌വെയിൽ നിന്നുമെത്തിയ ഇയാൾക്ക് ഇന്നലെ കൊറോണ സ്ഥിരീകരിച്ചിരുന്നു.
നിലവിൽ ജി.ജി ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ജാംനഗർ മുൻസിപ്പൽ കൗൺസിലറുടെ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ ആഴ്‌ച്ച മൂന്ന് പേരാണ് സിംബാബ്‌വെയിൽ നിന്നും ദുബൈയ് വഴി ഗുജറാത്തിലെത്തുന്നത്. ഇതിൽ ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ബാക്കി രണ്ടു പേരുടെ പരിശോധനാ ഫലം രണ്ട് ദിവസത്തിനകം ലഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
അതിനിടെ രാജ്യത്ത് വിദേശത്ത് നിന്നെത്തിയ 30ഓളം പേർക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പരിശോധന വർധിപ്പിക്കാനും എല്ലാ രാജ്യാന്തര യാത്രികരെയും നിരീക്ഷിക്കാനും നിർദ്ദേശിച്ച് ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചിട്ടുണ്ട്. പരിശോധനയും, നിരീക്ഷണവും, നിയന്ത്രണങ്ങളും കർശനമാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
















Comments