കൊച്ചി: കാർ അപകടത്തിൽ മുൻ മിസ് കേരളയടക്കം കൊല്ലപ്പെട്ട കേസിലെ പ്രതി സൈജു തങ്കച്ചൻ ലഹരി പാർട്ടി നടത്തിയ ഫ്‌ളാറ്റുകളിൽ ക്രൈംബ്രാഞ്ച് പരിശോധന. കാക്കനാട്ടെ ഇൻഫോപാർക്കിന് സമീപത്തെ മൂന്ന് ഫ്‌ളാറ്റുകളിലാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്. ഇതിൽ ഒരു ഫ്‌ളാറ്റ് സൈജുവിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്.
ഫ്‌ളാറ്റുകളിൽ ലഹരി വസ്തുക്കളോ, മറ്റ് ഉൽപ്പന്നങ്ങളോ സൂക്ഷിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് ഡോഗ് സ്‌ക്വാഡിന്റെ സഹായം അന്വേഷണ സംഘം തേടിയത്. മാത്രമല്ല, ഈ ഫ്‌ളാറ്റുകളിൽ ആരൊക്കെ വന്നുപോയി, ഇവരുടെ വിവരങ്ങൾ തുടങ്ങിയവയെല്ലാം അന്വേഷണ സംഘം ശേഖരിച്ചു. രേഖകളിലുള്ളവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് സൈജുവിനനെ ചോദ്യം ചെയ്തപ്പോൾ ഇയാളുടെ ഫോണിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫ്‌ളാറ്റുകളിൽ അന്വേഷണ സംഘം പരിശോധന നടത്തിയത്. സൈജുവിന്റെ ഫോണിൽ ലഹരി പാർട്ടികളുടെ ദൃശ്യങ്ങളാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ആദ്യ ലോക്ഡൗണിന് ശേഷമാണ് കൊച്ചിയിലെ ഫ്‌ളാറ്റുകളിൽ സൈജു ലഹരി പാർട്ടികൾ സംഘടിപ്പിച്ചിരുന്നത് എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
മൊബൈലിലെ ദൃശ്യങ്ങളിൽ യുവതികളടക്കം ലഹരിപാർട്ടികളിൽ പങ്കെടുത്തതായി അന്വേഷണ സംഘം കണ്ടെത്തി. പാർട്ടികളിൽ പങ്കെടുത്ത ചില യുവതികളുമായി സൈജു ചാറ്റ് ചെയ്തിരുന്നു. ഇവരെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
















Comments