പമ്പ: ശബരിമലയിലേക്ക് കെഎസ്ആർടിസി ബസുകളിൽ തീർത്ഥാടകരെ കുത്തിനിറച്ച് കൊണ്ടുപോകുന്നതിൽ പ്രതിഷേധിച്ചും തീർത്ഥാടകരോടുളള അവഗണനയ്‌ക്കെതിരെയും പമ്പയിൽ ബിജെപിയുടെ ഉപരോധം. കെ.എസ്.ആർ.ടിസി ബസുകൾ ഉപരോധിച്ച് നടത്തിയ സമരം ബിജെപി പത്തനംതിട്ട ജില്ലാ അദ്ധ്യക്ഷൻ വി.എ സൂരജ് ഉദ്ഘാടനം ചെയ്തു.
ബിജെപി റാന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ബസ് തടഞ്ഞ് പ്രതിഷേധിച്ചത്. കൂടുതൽ നിരക്ക് ഈടാക്കാനായി നോൺ എസി ബസുകൾക്ക് പകരം എസി ബസുകളാണ് പമ്പ നിലയ്‌ക്കൽ പാതയിൽ ഓടിക്കുന്നത്. കൊറോണ നിയന്ത്രണങ്ങളുടെ പേരിൽ ഭക്തരുടെ ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ടെങ്കിലും ബസുകളിലും മറ്റും അയ്യപ്പൻമാരെ കുത്തിനിറച്ചാണ് കൊണ്ടുപോകുന്നത്. യാതൊരു നിയന്ത്രണങ്ങളും പാലിക്കുന്നുമില്ല.
അയ്യപ്പൻമാരുടെ എണ്ണം കുറവായതുകൊണ്ടു തന്നെ ചിലവ് ചുരുക്കി കൂടുതൽ വരുമാനം ഉറപ്പിക്കാനുളള തീരുമാനത്തിന്റെ ഭാഗമായിട്ടാണ് കെഎസ്ആർടിസിയുടെ നീക്കം. തീർത്ഥാടകരെ ബസുകളിൽ കുത്തി നിറച്ച് കൊണ്ടുപോകരുതെന്ന കോടതി നിർദ്ദേശം പോലും കാറ്റിൽപറത്തിയാണ് നടപടി.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, ജില്ലാ സെക്രട്ടറി അഡ്വ. ഷൈൻ ജി കുറുപ്പ്, എസ്ടി മോർച്ച ജില്ലാ പ്രസിഡന്റ് സജൻ അട്ടത്തോട്, അനീഷ് നായർ, പ്രതീഷ്,
ജനപ്രതിനിധികളായ ശ്യാം മന്ദിരം രവീന്ദ്രൻ, വിനോദ്. എ.എസ് എന്നിവർ പ്രതിഷേധത്തിന്
നേതൃത്വം നൽകി.
Comments