സംവിധായകൻ അൽഫോൺസ് പുത്രന്റെ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. നേരം, പ്രേമം എന്നീ ഹിറ്റുകൾക്ക് ശേഷം മൂന്നാമതായി ഒരുങ്ങുന്ന മലയാള സിനിമ. പൃഥ്വിരാജ് കേന്ദ്ര കഥാപത്രമാകുന്ന ചിത്രത്തിന്റെ പേര് ഗോൾഡ് എന്നാണ്. ഇതിനിടെ പ്രേക്ഷകർക്ക് ഒരു മുന്നറിയിപ്പെന്നോണം ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുകയാണ് സംവിധായകൻ. ചിത്രീകരണം കഴിഞ്ഞതായും പോസ്റ്റ് പ്രൊഡക്ഷൻ പരിപാടികൾ നടക്കുകയാണെന്നും അറിയിച്ച അൽഫോൺസ്, യുദ്ധവും പ്രേമവും പ്രതീക്ഷിച്ച് ആരും ഈ വഴിക്ക് വന്നുപോകരുതെന്നും പോസ്റ്റിൽ പറയുന്നു.
നേരം, പ്രേമം എന്നീ സിനിമകൾ പോലെയല്ല ഗോൾഡ് എന്ന ചിത്രം. കഴിഞ്ഞ രണ്ട് സിനിമകൾ കണ്ട് അതുപോലെയൊരു സിനിമ ആരും പ്രതീക്ഷിക്കരുത്. നല്ല ചില കഥാപാത്രങ്ങളും താരങ്ങളും പാട്ടുകളും അടങ്ങുന്നതാണ് ഗോൾഡ്. സിനിമയ്‌ക്ക് പ്രത്യേകിച്ച് പുതുമകൾ ഒന്നും അവകാശപ്പെടാനില്ലെന്ന് എടുത്തുപറയാനും അൽഫോൺസ് മടിച്ചില്ല. അതുകൊണ്ട് പതിവ് പോലെ ഒരു മുന്നറിയിപ്പ് നൽകുകയാണെന്നും യുദ്ധവും പ്രേമവും പ്രതീക്ഷിച്ച് ആരും വരരുതെന്നും അൽഫോൺസ് മുന്നറിയിപ്പ് നൽകി.
വലിയ ആരവങ്ങളോ അവകാശവാദങ്ങളോ ഇല്ലാതെ ഇറങ്ങിയ രണ്ട് സിനിമകളായിരുന്നു അൽഫോൺസ് പുത്രന്റെ നേരവും പ്രേമവും. ഭൂരിഭാഗം സിനിമ പ്രേമികൾക്കുമിടയിൽ വളരെ മികച്ച പ്രതികരണം നേടാൻ രണ്ട് ചിത്രങ്ങൾക്കും സാധിച്ചിരുന്നു. മറ്റ് സിനിമകളുടെ നിർമാണത്തിൽ നിന്ന് വ്യത്യസ്ത പുലർത്തുന്ന മേക്കിങ് ആയിരുന്നു അൽഫോൺസിന്റെ ചിത്രങ്ങൾ. നിവിൻ പോളി എന്ന നടന് ഏറെ ജനപ്രീതി നേടിക്കൊടുക്കാൻ ഇരു സിനിമകൾക്കും സാധിച്ചു. അതുകൊണ്ട് തന്നെ രണ്ട് സിനിമകളുടെയും ആരാധാകർ ഏതാണ്ട് ആറ് വർഷത്തോളമായി കാത്തിരിക്കുകയാണ് അടുത്ത അൽഫോൺസ് ചിത്രത്തിനായി. ഇതിനിടയിൽ പാട്ട് എന്ന ചിത്രത്തിന്റെ പ്രഖ്യാപനവും അൽഫോൺസ് നടത്തിയിരുന്നു. എന്നാൽ ഗോൾഡിന്റെ ചിത്രീകരണമാണ് ആരംഭിച്ചത്. എത്രയൊക്കെ മുന്നറിയിപ്പ് നൽകി ഹൈപ്പ് ഒതുക്കാൻ സംവിധായകൻ ശ്രമിച്ചാലും അതീവ ആകാംക്ഷയിലാണ് ആരാധകരെന്നാണ് പോസ്റ്റിന് ലഭിക്കുന്ന പ്രതികരണങ്ങൾ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
“ഗോൾഡ് ( GOLD ) എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ട് ഇപ്പൊ ചിത്രസംയോജനം നടക്കുകയാണ്. നേരവും പ്രേമവും പോലെയല്ല ഈ സിനിമ. ഇത് വേറെ ഒരു ടൈപ്പ് സിനിമയാണ്. കൊറച്ചു നല്ല കഥാപാത്രങ്ങളും , കൊറച്ചു നല്ല താരങ്ങളും, രണ്ടു മൂന്നു പാട്ടുകൾ , കൊറച്ചു തമാശകളും ഒള്ള ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം. പതിവ് പോലെ ഒരു മുന്നറിയിപ്പ് ! യുദ്ധവും, പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുത്.”
Comments