തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ വാഗ്ദാനങ്ങൾ വെറും പാഴ് വാക്കാകുന്നു.സാങ്കേതിക സർവ്വകലാശാല ആസ്ഥാനം എങ്ങുമെത്തിയില്ല. ഇതോടെ സാങ്കേതിക സർവകലാശാല ആസ്ഥാനം പണിയാൻ ഭൂമി വിട്ടുകൊടുത്ത തിരുവനന്തപുരം വിളപ്പിൽ പഞ്ചായത്തിലെ 126 കുടുംബങ്ങൾ പെരുവഴിയിലായി.
ഒരു വർഷം മുമ്പ് ആധാരമടക്കമുള്ള രേഖകൾ കൈമാറിയ ആളുകൾക്ക് ഭൂമിയും പണവുമില്ലാത്ത പരിതസ്ഥിതിയാണ്. 100 ഏക്കർ എറ്റെടുക്കാനുള്ള തീരുമാനത്തിൽ നിന്നും സർവകലാശാല പിന്നോട്ട് പോയതാണ് പ്രതിസന്ധിയുടെ കാരണമെന്നാണ് വിശദീകരണം.
കഴിഞ്ഞ ഫെബ്രുവരി 16 നാണ് ഏറെ ആഘോഷമാക്കി സാങ്കേതിക സർവകലാശാലയുടെ സ്വന്തം കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്.ഒരു തുണ്ട് ഭൂമി പോലും വാങ്ങാതെയായിരുന്നു തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് തിരക്കിട്ട് ശിലാപസ്ഥാപനം നടത്തിയത്. വിപണിവില നൽകാമെന്ന് പറഞ്ഞ് സ്ഥലം ഉടമകളിൽ നിന്ന് സ്ഥലത്തിന്റെ രേഖകൾ സർവകലാശാല വാങ്ങി.നെടുങ്കുഴി ഇടമല റോഡിൽ വിളപ്പിൽശാലമാലിന്യസംസ്‌ക്കരണശാലക്കടുത്തുള്ള 100 ഏക്കർ ഭൂമിയാണ് പദ്ധതിയ്‌ക്കായി കണ്ടെത്തിയത്.ഒരു വർഷം മുൻപ് രേഖകൾ കൈമാറിയ ഇവർക്ക് ഇപ്പോൾ ആധാരവുമില്ല പണവുമില്ല എന്ന അവസ്ഥയാണ്.
സ്ഥലം ഏറ്റെടുക്കാൻ തീരുമാനിച്ച ശേഷം 100 ഏക്കറിന് സർക്കാർ നിശ്ചയിച്ച പണം നൽകാൻ സർവകലാശാലക്ക് കഴിയില്ലെന്ന് അറിയിച്ചതോടെയാണ് പ്രതിസന്ധി ആരംഭിച്ചത്. 50 ഏക്കർ മാത്രം ആദ്യമെടുക്കാമെന്നാണ് തീരുമാനമെന്ന് സർവ്വകലാശാല വിശദീകരിക്കുന്നു. എന്നാൽ എപ്പോൾ എങ്ങനെ എന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്.
2014ൽ സ്ഥാപിച്ച സർവകലാശാല തിരുവനന്തപുരം എൻജിനീയറിംഗ് കോളേജ് ക്യാമ്പസിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. 2017ലാണ് സ്വന്തം ആസ്ഥാനമന്ദിരം വിളപ്പിൽശാലയിൽ സ്ഥാപിക്കാനുള്ള നടപടി തുടങ്ങിയത്.
















Comments