തൃശ്ശൂർ: ഗുരുവായൂരപ്പന് കാണിക്കയായി മഹീന്ദ്രയുടെ ഥാർ സമർപ്പിച്ചു. ഇന്നലെ രാവിലെയാണ് ജീപ്പ് കാണിക്കയായി സമർപ്പിച്ചത്. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ പുതിയ മോഡൽ ലിമിറ്റഡ് എഡിഷൻ ഥാർ ആണ് ഭഗവാന് സമർപ്പിക്കപ്പെട്ടത്. വാഹനത്തിന്റെ റെഡ് കളർ ഡീസൽ ഓപ്ഷനാണ് കമ്പനി സമർപ്പിച്ചത്. വിപണിയിൽ 13 മുതൽ 18 ലക്ഷം വരെ വിലയുള്ള മോഡലാണിത്.
തുളസി മാലയും പൂമാലയും ചാർത്തി കിഴക്കേനടയിൽ എത്തിച്ച വാഹനത്തിന്റെ താക്കോൽ കമ്പനി പ്രതിനിധികളിൽ നിന്നും ദേവസ്വം ചെയർമാൻ ഏറ്റുവാങ്ങി. തുടർന്ന് പൂജകൾക്കും മറ്റു ചടങ്ങുകൾക്കുശേഷം വാഹനം ഗുരുവായൂർ ദേവസ്വത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്തു. ദേവസ്വത്തിന്റെ ആവശ്യങ്ങൾക്ക് ജീപ്പ് ഉപയോഗിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഓഫീസിൽ എത്തിച്ച വാഹനത്തിൽ ‘ദേവസ്വം വക’ ബോർഡ് ഘടിപ്പിച്ചു. ദേവസ്വം ആസ്ഥാനമന്ദിരത്തിൽ ആണ് വാഹനം സൂക്ഷിക്കുന്നത്.
2020 ഒക്ടോബറിലാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുതിയ ഥാർ എസ് യുവി വിപണിയിൽ അവതരിപ്പിച്ചത്. പുറത്തിറക്കി ഒരു വർഷത്തിനിടയിൽ തന്നെ വാഹനം വിപണിയിൽ വിജയകുതിപ്പുണ്ടാക്കിയിരുന്നു. നിരത്തിലെത്തിയതിന് ശേഷം വാഹനത്തിന് 19ലധികം അവാർഡുകൾ ലഭിച്ചു. കൂടാതെ ഗ്ലോബൽ എൻക്യാപ് നടത്തുന്ന ക്രാഷ് ടെസ്റ്റിൽ നാല് സ്റ്റാർ റേറ്റിങ്ങും വാഹനം കരസ്ഥമാക്കിയിട്ടുണ്ട്.
2.0 ലിറ്റർ എംസ്റ്റാലിൻ പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിനുകളാണ് ഥാറിൽ പ്രവർത്തിക്കുന്നത്. പെട്രോൾ എഞ്ചിൻ 150 ബിഎച്ച്പി പവറും 320 എൻഎം ടോർക്കും, ഡീസൽ എഞ്ചിൻ 130 ബിഎച്ച്പി പവറും 300 എൻഎം ടോർക്കും സൃഷ്ടിക്കും. മാനുവൽ ട്രാൻസ്മിഷനൊപ്പം എൽ.എക്‌സ് വേരിയന്റിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും നൽകിയിട്ടുണ്ട്.
Comments